ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും ജര്‍മനിയിലേക്ക് ചേക്കേറാന്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ശ്രമം നടത്തിയതായി റിപ്പോര്‍ട്ട്. ബുണ്ടസ് ലിഗ വമ്പൻമാരായ ബയേൺ മ്യൂണിക്കിനെ താരത്തിന്‍റെ ഏജന്‍റ് ജോര്‍ജ് മെന്‍ഡെസ് സമീപിച്ചതായാണ് സ്‌കൈ ജര്‍മനി റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ബയേണിന്‍റെ ഭാഗത്തുനിന്ന് അനുകൂലമായ മറുപടിയല്ല ലഭിച്ചതെന്നുമാണ് വിവരം.
കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന് പിന്നാലെ കൂടുതല്‍ ഗുണ നിലവാരമുള്ള താരങ്ങള്‍ യുണൈറ്റഡിലെത്താത്തതാണ് ക്രിസ്റ്റ്യാനോയെ ടീം വിടാന്‍ പ്രേരിപ്പിക്കുന്നത്. സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണയിലേക്ക് ചേക്കേറാന്‍ ശ്രമം നടത്തുന്ന പോളിഷ് താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിക്ക് പകരക്കാരനെ ബയേണിന് ആവശ്യമുണ്ട്.
എന്നാല്‍ ക്രിസ്റ്റ്യാനോയുടെ ഉയര്‍ന്ന പ്രതിഫലത്തോടൊപ്പം കളി ശൈലിയിലും ബയേണിന് താല്‍പര്യമില്ല. വേഗതയേറിയ, ഓടുകയും പ്രസ് ഗെയിം കളിക്കാന്‍ സാധിക്കുകയും ചെയ്യുന്ന കളിക്കാരെയാണ് പരിശീലകന്‍ ജൂലിയൻ നാഗൽസ്‌മാന് വേണ്ടത്. താരമെത്തുമ്പോള്‍ ഡ്രസ്സിങ് റൂമിലെ അന്തരീക്ഷവും മാറിയേക്കാമെന്നും ബയേണ്‍ കണക്കുകൂട്ടുന്നു.
30 മില്യണ്‍ യൂറോയാണ് 37കാരനായ ക്രിസ്റ്റ്യാനോയ്‌ക്ക് യുണൈറ്റഡില്‍ വരുമാനമുള്ളത്.