മാഡ്രിഡ് : ചാമ്പ്യന്‍സ് ലീഗിലെ ആദ്യ രണ്ട് സെമിഫൈനലിറ്റുകളെ ഇന്നറിയാം. ക്വാര്‍ട്ടര്‍ ഫൈനലിന്‍റെ രണ്ടാം പാദത്തില്‍ റയല്‍ മാഡ്രിഡ്- ചെല്‍സിയേയും, ബയേണ്‍ മ്യൂണിക്ക്- വിയ്യാ റയലിനെയും നേരിടും. രാത്രി 12.30നാണ് മത്സരങ്ങള്‍ ആരംഭിക്കുക.
നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിക്കെതിരെ സ്വന്തം തട്ടകമായ സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ രണ്ട് ഗോള്‍ ലീഡുമായാണ് റയല്‍ കളിക്കാനിറങ്ങുന്നത്. ആദ്യപാദമത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജയം പിടിച്ചാണ് റയല്‍ രണ്ടടി മുന്നിലെത്തിയത്.
ഒന്നാം പാദത്തില്‍ ഹാട്രിക്ക് നേടിയ കരീം ബെന്‍സീമയാണ് റയലിന്‍റെ തുറുപ്പ് ചീട്ട്. വിനീഷ്യസ് ജൂനിയറും അസെന്‍സിയോയും ലൂക്ക മോഡ്രിച്ചും ടോണി ക്രൂസും ചേരുമ്പോള്‍ സ്‌പാനിഷ് ടീം കരുത്തരാവും. മറുവശത്ത് കെയ് ഹാവെര്‍ട്സ്, തിമോ വെര്‍ണര്‍, മേസണ്‍ മൗണ്ട് എന്നിവരിലൂടെയാവും ചെല്‍സിയുടെ മറുപടി.
അതേസമയം വിയ്യാ റയലിനെതിരെ ഒരു ഗോള്‍ കടവുമായി സ്വന്തം തട്ടകമായ അലയന്‍സ് അരീനയിലാണ് ഇറങ്ങുന്നതെന്ന് കീരീട മോഹികളായ ബയേണിന് കരുത്താണ്. ആദ്യപാദ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബയേണ്‍ വില്ലാറയലിനോട് കീഴടങ്ങിയത്.
also read: ETV BHARAT EXCLUSIVE | വനിത ഐപിഎല്‍ അനിശ്ചിതത്വത്തില്‍
മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും കളിയുടെ തുടക്കത്തില്‍ അര്‍നൗട്ട് ഡാന്‍യുമ നേടിയ ഗോളിന് മറുപടി നല്‍കാന്‍ ജര്‍മന്‍ വമ്പന്മാര്‍ക്കായിരുന്നില്ല. ഇതോടെ സ്വന്തം മൈതാനത്ത് കടംവീട്ടി ലീഗില്‍ മുന്നേറ്റം നടത്താനാവും ബയേണിന്‍റെ ശ്രമം. ലെവന്‍ഡോവ്‌സ്‌കിക്കൊപ്പം മുള്ളറും ലിറോയ് സാനെയും കിഗ്‌സിലി കോമാനുമെല്ലാം ആക്രമണം കടുപ്പിക്കുമ്പോള്‍ കടംവീടാതിരിക്കാന്‍ വിയ്യാ റയല്‍ വിയര്‍ക്കുമെന്നുറപ്പ്.