മാഡ്രിഡ് : ഇതിഹാസ പരിശീലകൻ കാർലോ ആൻസലോട്ടിയ്‌ക്കായുള്ള ബ്രസീല്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്‍റെ (Brazil Football Team) കാത്തിരിപ്പ് വെറുതെയായി. 64-കാരനായ കാർലോ ആൻസലോട്ടിസ്‌പാനിഷ് ക്ലബ് റയൽ മാഡ്രിഡുമായുള്ള കരാര്‍ ദീര്‍ഘിപ്പിച്ചു (Carlo Ancelotti Extends Real Madrid Contract Until 2026). ഇറ്റാലിയന്‍ പരിശീലകന്‍റെ കരാര്‍ നീട്ടിയ വിവരം റയല്‍ പ്രസ്‌താവനയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.
2026 ജൂണ്‍ 30 വരെ 64-കാരന്‍ ക്ലബിനൊപ്പമുണ്ടാവുമെന്നാണ് റയല്‍ മാഡ്രിഡ് (Real Madrid) അറിയിച്ചിരിക്കുന്നത്. ഇതേവരെയുള്ള അഞ്ച് സീസണുകളില്‍ പരിശീലകനെന്ന നിലയില്‍ 10 കിരീടങ്ങള്‍ ആൻസലോട്ടി നേടിത്തന്നതായും റയല്‍ മാഡ്രിഡ് തങ്ങളുടെ പ്രസ്‌താവനയില്‍ പറയുന്നുണ്ട്. രണ്ട് ചാമ്പ്യന്‍ ലീഗ് കിരീടം, രണ്ട് ക്ലബ് ലോകകപ്പ് കിരീടം, രണ്ട് യുവേഫ സൂപ്പര്‍ കപ്പ് കിരിടം, ഒരു ലാ ലിഗ കിരീടം, രണ്ട് കോപ്പ ഡെല്‍ റെ കിരീടം, ഒരു സ്‌പാനിഷ് സൂപ്പര്‍ കപ്പ് എന്നിവയാണ് ആന്‍സലോട്ടിയ്‌ക്ക് കീഴില്‍ റയല്‍ നേടിയിട്ടുള്ളത്.
അതേസമയം 2024 ജൂണില്‍ റയലുമായുള്ള കരാര്‍ അവസാനിച്ചതിന് ശേഷം അന്‍സലോട്ടി ബ്രസീല്‍ പരിശീലകന്‍റെ കുപ്പായം അണിയുമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍. ഇറ്റാലിയന്‍ ഇതിഹാസത്തിനായി കാത്തിരിക്കാന്‍ തയ്യാറാണെന്ന് ബ്രസീൽ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്‍റ് എഡ്‌നാൾഡോ റോഡ്രിഗസ് പ്രതികരിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ നിലവില്‍ ഫിഫയുടെ വിലക്ക് ഭീഷണി നേരിടുന്ന കാനറികളെ അന്‍സലോട്ടി കയ്യൊഴിയുകയായിരുന്നു.
ഫെഡറേഷന്‍റെ തലപ്പത്ത് നിന്നും എഡ്‌നാൾഡോ റോഡ്രിഗസിനെ കോടതി പുറത്താക്കിയതാണ് ഫിഫയുടെ നടപടികള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. ആന്‍സലോട്ടിയെ ബ്രസീലിന്‍റെ പരിശീലകന്‍റെ ചുമതലയിലേക്ക് എത്തിക്കാന്‍ കാര്യമായ പരിശ്രമം നടത്തിയ ആളായിരുന്നു എഡ്‌നാൾഡോ റോഡ്രിഗസ്. 2022-ല്‍ നടന്ന ഖത്തര്‍ ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ടീമിന്‍റെ ഇതിഹാസ പരിശീലകന്‍ ടിറ്റെയുടെ പിന്‍ഗാമിയായി കാർലോ ആൻസലോട്ടിയെ എത്തിക്കാനായിരുന്നു ഫെഡറേഷന്‍ നേരത്തെ കരുതിയിരുന്നത്.
ഇതിന്‍റെ ഭാഗമായി ഇടക്കാല പരിശീലകനെന്ന നിലയില്‍ ഫെർണാണ്ടോ ഡിനിസിനെ ഫെഡറേഷന്‍ ദേശീയ ടീമിന്‍റെ ചുമതല ഏല്‍പ്പിക്കുകയും ചെയ്‌തു. ആന്‍സലോട്ടി എത്തും വരെയുള്ള ഒരു വര്‍ഷത്തേക്കായിരുന്നു ഫ്ലുമിനെൻസിന്‍റെ പരിശീലകനായ ഫെർണാണ്ടോ ഡിനിസിന് ബ്രസീല്‍ ദേശീയ ടീമിന്‍റെ ചുമതല നല്‍കിയിരിക്കുന്നത്. 49-കാരന് കീഴില്‍ പഴയ പ്രതാപത്തിന്‍റെ നിഴലില്‍ പോലുമെത്താന്‍ ബ്രസീലിന് കഴിഞ്ഞിട്ടില്ല.
നിലവിൽ പുരോഗമിക്കുന്ന ലോകകപ്പ് യോഗ്യത റൗണ്ടിൽ തുടർതോൽവികളില്‍ വലയുകയാണ് ബ്രസീല്‍. പോയിന്‍റ് പട്ടികയില്‍ ആറാമതാണ് ടീമുള്ളത്. കളിച്ച ആറ് മത്സരങ്ങളില്‍ ഏഴ് പോയിന്‍റ് മാത്രമാണ് കാനറികള്‍ക്കുള്ളത്. രണ്ട് വിജയവും ഒരു സമനിലയും മൂന്ന് തോല്‍വികളുമാണ് ടീമിന് നേടാന്‍ കഴിഞ്ഞത്.
അതേസമയം ആന്‍സലോട്ടിയ്‌ക്ക് പകരം അര്‍ജന്‍റൈന്‍ ചാമ്പ്യന്‍ കോച്ച് ലയണല്‍ സ്‌കലോണിയെ സ്വന്തമാക്കാന്‍ റയല്‍ മാഡ്രിഡ് ശ്രമം നടത്തുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അര്‍ജന്‍റീന ദേശീയ ഫുട്‌ബോള്‍ ടീമിന്‍റെ ചുമതലയില്‍ നിന്നും പടിയിറങ്ങുന്നുവെന്ന സൂചന ലയണല്‍ സ്‌കലോണി (Lionel Scaloni) നല്‍കിയതിന് പിന്നാലെയാണ് റയലിന്‍റെ നീക്കമെന്നായിരുന്നു റിപ്പോര്‍ട്ട്.
ALSO READ: ആഴ്‌സണലിന്‍റെ 'മോഹങ്ങള്‍' തകര്‍ത്ത് വെസ്റ്റ്‌ഹാം, പ്രീമിയര്‍ ലീഗില്‍ പീരങ്കിപ്പടയ്ക്ക് തോല്‍വി