ക്വാലാലംപൂര്‍: റഷ്യൻ, ബെലാറൂസൻ അത്‌ലറ്റുകളെയും ഒഫീഷ്യല്‍സിനെയും ബിഡബ്ല്യുഎഫ് അനുവദിച്ചിട്ടുള്ള അന്താരാഷ്ട്ര ടൂർണമെന്‍റുകളിൽ നിന്നും സസ്‌പെൻഡ് ചെയ്‌തതായി ബാഡ്മിന്‍റൺ വേൾഡ് ഫെഡറേഷൻ. നിലവിലെ സാഹചര്യത്തില്‍ ഇനിയൊരറിയപ്പുണ്ടാവും വരെയാണ് സസ്‌പെന്‍ഷന്‍.
റഷ്യയിലും ബെലാറസിലും ബിഡബ്ല്യുഎഫ് അനുവദിച്ച ടൂർണമെന്‍റുകളും റദ്ദാക്കാനും തീരുമാനമായിട്ടുണ്ട്. ബാഡ്മിന്‍റൺ വേൾഡ് ഫെഡറേഷന്‍റെ പുതിയ തീരുമാനത്തോടെ മാര്‍ച്ച് എട്ടിനാരംഭിക്കുന്ന ജര്‍മന്‍ ഓപ്പണിലടക്കം ഇരു രാജ്യങ്ങളിലെയും താരങ്ങള്‍ക്ക് പങ്കെടുക്കാനാവില്ല.
അതേസമയം കലണ്ടറിലെ 9, 10 ആഴ്ചകളിൽ സ്‌പെയിനിൽ നടക്കുന്ന രണ്ട് ഇന്‍റർനാഷണൽ പാരാ ബാഡ്മിന്‍റൺ ടൂർണമെന്‍റുകളിൽ റഷ്യന്‍ അത്‌ലറ്റുകള്‍ക്ക് ഇളവുണ്ട്. മത്സരത്തിലനായി സ്ഥലത്തെത്തിയതിനാലാണ് ഇവര്‍ക്ക് ഇളവ് നല്‍കിയത്.
യുക്രൈൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് റഷ്യൻ ദേശീയ ടീമിനേയും ആ രാജ്യത്തിന്‍റെ ക്ലബ്ബുകളെയും അന്താരാഷ്‌ട്ര മത്സരങ്ങളിൽ നിന്ന് ഫിഫയും യുവേഫയും വിലക്കിയിരുന്നു.
2022 ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നിന്നുൾപ്പടെ റഷ്യയെ പുറത്താക്കിയതായും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ മത്സരങ്ങളിൽ നിന്നും റഷ്യൻ ടീമുകളെ സസ്‌പെൻഡ് ചെയ്യുകയാണെന്നും ഫിഫയും, യുവേഫയും സംയുക്‌ത പ്രസ്‌താവനയില്‍ അറിയിച്ചു.