ബെര്‍ലിന്‍: 11 വർഷത്തെ ഇടവേളയ്‌ക്ക് ജർമൻ ലീഗ് കിരീടത്തിനരികെ ബൊറൂസിയ ഡോർട്‌മുണ്ട്. ബുണ്ടസ് ലീഗ് കിരീടപ്പോരാട്ടത്തിൽ മുന്നിലുള്ള ഡോർട്‌മുണ്ട്, ബയേൺ മ്യൂണിക് ടീമുകൾക്ക് ഇന്നാണ് അവസാന മത്സരം. നിലവിൽ രണ്ട് പോയിന്‍റ് ലീഡിൽ ഒന്നാമതുള്ള ഡോർട്ട്‌മുണ്ടിന് ഇന്നത്തെ മത്സരത്തിൽ ജയിക്കാനായാൽ കിരീടം സ്വന്തമാക്കാനാകും. 2011-12 സീസണിലാണ് ഡോർട്‌മുണ്ട് അവസാനമായി ലീഗ് ജേതാക്കളായത്.
ഇരു ടീമുകളും അവസാന മത്സരത്തിനായി ഇന്ന് കളത്തിലിറങ്ങുമ്പോള്‍ ബൊറൂസിയക്ക് മെയിന്‍സ് ആണ് എതിരാളി. ബയേൺ മ്യൂണിക്, എഫ്‌സി കോളിനെയും നേരിടും. ലീഗിൽ 33 കളിയിൽ ബൊറൂസിയക്ക് 70 ഉം ബയേണിന് 68 പോയിന്‍റുമാണുള്ളത്. വൈകിട്ട് ഏഴ് മണിക്കാണ് ഇരു ടീമുകളുടെയും മത്സരം നടക്കുക.
ഇന്നത്തെ മത്സരത്തിലെ ജയം ഡോർട്ട്‌മുണ്ടിനെ കിരീടത്തിലെത്തിക്കും. സെബാസ്റ്റ്യൻ ഹാലർ, ജൂഡ് ബെല്ലിങ്‌ഹാം, ക്യാപ്‌റ്റൻ മാർകോ റിയൂസ് എന്നിവരടങ്ങുന്ന താരനിരയിലാണ് ബൊറൂസിയയുടെ പ്രതീക്ഷ. ബയേണിനാകട്ടെ കിരീടം നിലനിർത്തണമെങ്കിൽ ജയവും ഒപ്പം ബൊറൂസിയ തോൽക്കുകയും വേണം. ലീഗിൽ ഒന്നാമത് തുടർന്നിരുന്ന ബയേണിന് കഴിഞ്ഞ മത്സരത്തിൽ ആർബി ലെയ്‌പ്‌സിഗിനോട് പരാജയപ്പെട്ടതാണ് തിരിച്ചടിയായത്.
പിഎസ്‌ജിക്ക് സമനില മതി: ഫ്രഞ്ച് ലീഗ് വണ്ണിൽ കിരീടം നിലനിർത്താനൊരുങ്ങുന്ന പിഎസ്‌ജി ഇന്ന് സ്ട്രാസ്ബർഗിനെ നേരിടും. ഇന്നത്തെ മത്സരത്തിൽ സമനില നേടാനായാലും ഫ്രഞ്ച് വമ്പൻമാർക്ക് ചാമ്പ്യൻപട്ടം ഉറപ്പിക്കാം. ലീഗിൽ രണ്ട് റൗണ്ട് മത്സരങ്ങൾ മാത്രം ബാക്കിനിൽക്കെ 36 മത്സരങ്ങളിൽ നിന്നായി 84 പോയിന്‍റുമായാണ് പിഎസ്‌ജി ഒന്നാമതുള്ളത്. രണ്ടാമതുള്ള ലെൻസിന് 78 പോയിന്‍റാണുള്ളത്.
പിഎസ്‌ജി ജേതാക്കളായാൽ അർജന്‍റൈൻ സൂപ്പർ താരം ലയണൽ മെസി മറ്റൊരു നേട്ടത്തിന് കൂടി അർഹനാകും. കരിയറിൽ 43 കിരീടങ്ങൾ സ്വന്തമാക്കിയ ബ്രസീലിയൻ താരം ഡാനി ആൽവെസിന്‍റെ റെക്കോഡിനൊപ്പം മെസിയെത്തും. അതോടൊപ്പം ഈ സീസണിൽ പിഎസ്‌ജി കുപ്പായത്തിൽ 20 വീതം ഗോളുകളും അസിസ്റ്റുകളും നേടിയിട്ടുണ്ട്. യൂറോപ്പിലെ ടോപ് ഫൈവ് ഡിവിഷനിൽ ഈ സീസണിൽ ഈ നേട്ടത്തിലെത്തിയ മറ്റൊരു താരമില്ല. ഇതോടെ ഈ സീസണിൽ പിഎസ്‌ജിക്കായി 40 ഗോളുകളിലാണ് മെസി പങ്കാളികളായത്.
ലാലിഗയിൽ നാല് വർഷത്തിന് ശേഷം ബാഴ്‌സലോണ: സൂപ്പർതാരം ലയണൽ മെസി ടീം വിട്ടതിന് ശേഷം ആദ്യ ലാലിഗ കിരീടമാണ് ബാഴ്‌സലോണ സ്വന്തമാക്കിയത്. കറ്റാലൻ ഡർബയിൽ എസ്‌പാന്യോളിനെ തോൽപിച്ചാണ് ബാഴ്‌സ 27-ാം കിരീടം നേടിയത്. ലീഗിൽ നാല് മത്സരങ്ങൾ ശേഷിക്കെയാണ് ബാഴ്‌സ ഇത്തവണ ചാമ്പ്യൻപട്ടം പിടിച്ചത്. കിരീടമുറപ്പിച്ച ശേഷമുള്ള രണ്ട് മത്സരങ്ങളിലെ പരാജയം ബാഴ്‌സയുടെ ആഘോഷത്തിന്‍റെ മാറ്റുകുറച്ചിട്ടുണ്ട്.
MORE READ : തകർച്ചയിൽ നിന്ന് പ്രതാപത്തിലേക്കുള്ള മടക്കമോ ? ; സാവിയുടെ ചാണക്യ തന്ത്രങ്ങളിൽ ഉയിർത്തെഴുന്നേറ്റ് ബാഴ്‌സലോണ
'പ്രീമിയർ സിറ്റി': ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം തുടർച്ചയായി മൂന്നാം തവണയും സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി. പരിശീലകൻ പെപ് ഗ്വാർഡിയോളയ്‌ക്ക് കീഴിൽ ആറു സീസണിൽ അഞ്ചാം ലീഗ് കിരീടമാണ് സിറ്റി ഷെൽഫിലെത്തിച്ചത്. മാഞ്ചസ്റ്റർ സിറ്റിയുടെ ഒമ്പതാം ലീഗ് കിരീടമാണിത്. 35 മത്സരങ്ങളില്‍ നിന്നും 27 ജയത്തോടെ 85 പോയിന്‍റുമായാണ് സിറ്റി കിരീടം നിലനിര്‍ത്തിയത്.
മറഡോണ യുഗത്തിന് ശേഷം നാപോളിക്ക് ആദ്യ സീരി എ: 33 വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് നാപോളി സിരി എ കിരീടത്തിലേക്ക് കുതിച്ചെത്തിയത്. നാപോളിയുടെ ചരിത്രത്തിലെ മൂന്നാമത്തെ മാത്രം സീരി എ കിരീടമാണിത്. മറഡോണയുടെ കീഴിൽ 1986-87ൽ സീസണിൽ ആദ്യമായി ചാമ്പ്യന്മാരായ നാപോളി 1989-90ൽ സീസണിലാണ് ടീം അവസാനമായി കിരീടം നേടിയത്. ഇതിനിടെ 1987-88, 1988-89 സീസണുകളിൽ ലീഗിൽ രണ്ടാം സ്ഥാനക്കാരാവുകയും ചെയ്‌തിരുന്നു.