ദോഹ : ഫിഫ ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ഫൈനലാണ് ക്രൊയേഷ്യ ലക്ഷ്യം വയ്‌ക്കുന്നത്. കഴിഞ്ഞ ലോകകപ്പിലെ കിരീടപ്പോരില്‍ ഫ്രാന്‍സിനോട് തോല്‍വി വഴങ്ങിയ സംഘം ഖത്തറില്‍ കപ്പുയര്‍ത്തുന്നതില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. അതിനായി ചൊവ്വാഴ്‌ച രാത്രി 12.30ന് നടക്കുന്ന സെമി ഫൈനല്‍ പോരാട്ടത്തില്‍ ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരായ അര്‍ജന്‍റീനയെയാണ് ക്രൊയേഷ്യയ്‌ക്ക് കീഴടക്കേണ്ടത്.
സൂപ്പര്‍ താരം ലയണല്‍ മെസി നയിക്കുന്ന അര്‍ജന്‍റൈന്‍ നിരയെ കീഴടക്കുക ക്രൊയേഷ്യയ്‌ക്ക് കടുത്ത വെല്ലുവിളിയാണെന്നുറപ്പാണ്. എന്നാല്‍ മത്സരത്തിന് മുന്നോടിയായി തങ്ങളുടെ നയം വ്യക്തമാക്കിയിരിക്കുകയാണ് ക്രൊയേഷ്യന്‍ താരങ്ങള്‍. തങ്ങള്‍ ആരെയും ഭയപ്പെടുന്നില്ലെന്നാണ് ഡിഫന്‍ഡര്‍ ജോസിപ് ജുറോനോവിച്ച് പറയുന്നത്.
"അര്‍ജന്‍റീനയ്‌ക്ക് എതിരെ ഞങ്ങളുടെ ഏറ്റവും മികച്ച കളി പുറത്തെടുക്കും. ഒരുമയും ഐക്യവുമാണ് ഞങ്ങളുടെ വിജയരഹസ്യം. കളിക്കളത്തില്‍ ഒരു കുടുംബം എന്നതുപോലെയാണ് ഞങ്ങള്‍ കളിക്കുന്നത്"- ജോസിപ് ജുറോനോവിച്ച് പറഞ്ഞു.
Also read: 'എന്‍റെ എക്കാലത്തേയും ഇതിഹാസം'; ക്രിസ്റ്റ്യാനോ എന്നും പ്രചോദനമെന്ന് വിരാട് കോലി
മെസിയെ തടയുന്നതിന് മാത്രമായി പ്രത്യേക പദ്ധതിയൊന്നുമില്ലെന്ന് ക്രൊയേഷ്യന്‍ സ്‌ട്രൈക്കര്‍ ബ്രൂണോ പെറ്റ്‌കോവിച്ച് കൂട്ടിച്ചേര്‍ത്തു. മെസിയെ മാൻ മാർക്ക് ചെയ്യുന്നതിനുപകരം മുഴുവൻ അർജന്‍റീന ടീമിനെയും തടഞ്ഞ് നിര്‍ത്തുന്നതിലാണ് ക്രൊയേഷ്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മെസി മാത്രമല്ല അര്‍ജന്‍റീനയെന്നും താരം കൂട്ടിച്ചേര്‍ത്തു.