ബാഴ്‌സലോണ: സ്‌പാനിഷ് ലാ ലിഗയില്‍ റയല്‍ മാഡ്രിഡിന്‍റെ ബ്രസീലിയന്‍ വിങ്ങര്‍ വിനീഷ്യസ് ജൂനിയറിനെതിരായ വംശീയ അധിക്ഷേപങ്ങള്‍ തുടര്‍ക്കഥയാണ്. മിന്നും പ്രകടനം നടത്തുമ്പോഴും സ്‌പെയിനിലെ വംശീയവാദികളുടെ ക്രൂരതയ്‌ക്ക് ഇരയായി ഉള്ളുപിടഞ്ഞുകൊണ്ട് പലതവണയാണ് 22-കാരനായ വിനീഷ്യസിന് കളിക്കളം വിടേണ്ടി വന്നിട്ടുള്ളത്.
വിനീഷ്യസിന് പിന്തുണ നല്‍കുന്നതിനും വംശീയതക്കെതിരായ പോരാട്ടങ്ങളുടെ ഭാഗമായും ചരിത്രത്തില്‍ ആദ്യമായി കറുത്ത ജേഴ്‌സിയണിഞ്ഞ് ബ്രസീല്‍ ടീം കഴിഞ്ഞ ദിവസം കളിക്കാന്‍ ഇറങ്ങിയത് ശ്രദ്ധേയമാവുകയാണ്. ഗിനിയയ്‌ക്ക് എതിരെ ബാഴ്‌സലോണയില്‍ വച്ച് നടന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിലാണ് ബ്രസീല്‍ ടീം തങ്ങളുടെ പരമ്പരാഗത നിറമായ മഞ്ഞയോ പച്ചയോ അല്ലാത്ത ജേഴ്‌സിയില്‍ കളിക്കാന്‍ ഇറങ്ങിയത്.
മത്സരത്തിന്‍റെ ആദ്യ പകുതി മുഴുവനും കറുത്ത നിറത്തിലുള്ള ജേഴ്‌സിയിലായിരുന്നു ബ്രസീല്‍ കളിച്ചത്. തുടര്‍ന്ന് രണ്ടാം പകുതിയില്‍ പരമ്പരാഗത ജേഴ്‌സിയിലേക്ക് മാറും മുമ്പ് മുട്ടിലിരുന്ന താരങ്ങള്‍ വംശീയതക്കെതിരായ പോരാട്ടങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്‌തു. ലാലിഗയുടെ കഴിഞ്ഞ സീസണില്‍ മാത്രം മൈതാനത്ത് വച്ച് പത്തിലേറെ തവണ വിനീഷ്യസ് വംശീയാധിക്ഷേപങ്ങള്‍ നേരിട്ടിട്ടുണ്ട്.
അത്‌ലറ്റികോ മാഡ്രിഡ്, ബാഴ്‌സലോണ, ജിറോണ, ഒസാസുന, മയ്യോർക, വയ്യാഡോളിഡ്, വലന്‍സിയ തുടങ്ങിയ ടീമുകളുടെ ആരാധകരില്‍ നിന്നാണ് താരത്തിന് നിരന്തരം അധിക്ഷേപം ഏല്‍ക്കേണ്ടി വന്നത്. കോപ്പ ഡെൽ റേ ക്വാര്‍ട്ടറില്‍ അത്‌ലറ്റിക്കോ മാഡ്രിഡും റയല്‍ മാഡ്രിഡും തമ്മിലുള്ള മത്സരത്തിന് മുന്നെ വിനീഷ്യസിന്‍റെ കോലം പാലത്തിന് മുകളിൽ കെട്ടിത്തൂക്കിയ സംഭവവും ഏറെ ചര്‍ച്ചയായി.
'മാഡ്രിഡ് റയലിനെ വെറുക്കുന്നു' എന്നെഴുതിയ ബാനറിനൊപ്പം റയലിന്‍റെ പരിശീലന ഗ്രൗണ്ടിന് സമീപമുള്ള പാലത്തിലാണ് കോലം കെട്ടിത്തൂക്കിയത്. മാഡ്രിഡ് ഡെര്‍ബിക്കിടെ അത്‌ലറ്റിക്കോയുടെ ആരാധകര്‍ 'കുരങ്ങ്' വിളികളാണ് താരത്തിനെതിരെ ഉയര്‍ത്തിയത്. പിന്നാലെ റയൽ മാഡ്രിഡ് വലൻസിയയുമായി ഏറ്റുമുട്ടിയ മത്സരത്തില്‍ കുരങ്ങുവിളി മുതല്‍ അറപ്പുളവാക്കുന്ന പരാമര്‍ശങ്ങളുമായാണ് വലൻസിയ ആരാധകര്‍ താരത്തെ വരവേറ്റത്.
ഇതിന് ശേഷം ലാ ലിഗ അധികൃതര്‍ വംശീയ അധിക്ഷേപങ്ങള്‍ തടയാന്‍ ഒന്നും ചെയ്യുന്നില്ലെന്ന് വിനീഷ്യസ് ജൂനിയര്‍ കുറ്റപ്പെടുത്തിയിരുന്നു. ഒരുകാലത്ത് റൊണാൾഡീഞ്ഞോ, റൊണാൾഡോ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണൽ മെസി തുടങ്ങിയ മികച്ച താരങ്ങളുടേതായിരുന്ന സ്‌പാനിഷ് ലീഗ് ഇപ്പോൾ വംശീയവാദികളുടെതാണെന്ന് താരം സോഷ്യല്‍ മീഡിയയില്‍ ആഞ്ഞടിക്കുകയും ചെയ്‌തു.
ലാ ലിഗയിൽ വംശീയാധിക്ഷേപം സാധാരണമായിരിക്കുന്നു. സ്വഭാവികമെന്നോണമാണ് ലാലിഗ ഫെഡറേഷന്‍ ഇതിനെ കാണുന്നത്. എതിരാളികൾ ഇതിനെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. തുടർച്ചയായി നടക്കുന്ന മോശം സംഭവങ്ങൾ പ്രതിരോധിക്കാന്‍ കഴിയില്ലെങ്കിലും വംശീയവാദികൾക്കെതിരെ അവസാനം വരെ താന്‍ പോരാടുമെന്നും വിനീഷ്യസ് വ്യക്തമാക്കിയിരുന്നു.
അതേസമയം വംശീയ അധിപേക്ഷങ്ങള്‍ക്കെതിരെ ശക്തമായ നടപടിക്ക് ഫിഫ അടുത്തിടെ ആഹ്വാനം ചെയ്‌തിരുന്നു. കളിക്കളത്തില്‍ വച്ച് താരങ്ങള്‍ക്കെതിരെ നടക്കുന്ന വംശീയ അധിക്രമങ്ങള്‍ക്ക് എതിരെ ഫിഫ രൂപീകരിച്ച സമിതിയുടെ തലവനായി വിനീഷ്യസിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്റിനോയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മൈതാനത്ത് വംശീയതയെ ഒരിക്കലും വച്ചു പൊറുപ്പിക്കില്ല. ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയാല്‍ മത്സരം ഉടന്‍ അവസാനിപ്പിക്കുമെന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
ALSO READ: WATCH | ആദ്യം മുട്ടുകുത്തി, പിന്നെ കെട്ടിപ്പിടിച്ചു ; ക്രിസ്റ്റ്യാനോയെ കണ്ട് 'ഞെട്ടി' ഐഷോസ്‌പീഡ്