ബ്രസ്സൽസ്: ബെൽജിയത്തിന്‍റെ സുവര്‍ണ തലമുറയിലെ പ്രധാനിയായ ഈഡൻ ഹസാർഡ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ചു. ഖത്തര്‍ ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നുള്ള ബെല്‍ജിയത്തിന്‍റെ നിരാശാജനകമായ പുറത്താവലിന് പിന്നാലെയാണ് 31കാരനായ താരം അന്താരാഷ്‌ട്ര മത്സരങ്ങള്‍ മതിയാക്കുന്നത്. ജീവിതത്തില്‍ പുതിയ അധ്യായം ആരംഭിക്കുന്നതായി താരം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു.
"സമാനതകളില്ലാത്ത പിന്തുണയ്ക്ക് നന്ദി. 2008 മുതൽ പങ്കിട്ട ഈ സന്തോഷത്തിന് നന്ദി. എന്‍റെ അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കാൻ തീരുമാനിച്ചു.
എനിക്ക് പകരക്കാര്‍ തയ്യാറാണ്. എല്ലാവരേയും മിസ് ചെയ്യും", ഈഡൻ ഹസാർഡ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ക്യാപ്റ്റന് ഭാവുകങ്ങള്‍ നേരുന്നതായി ബെല്‍ജിയം ടീം ട്വീറ്റ് ചെയ്‌തിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="
">
2008ല്‍ തന്‍റെ 17-ാം വയസിലാണ് ഹസാർഡ് ബെല്‍ജിയത്തിനായി അരങ്ങേറ്റം കുറിച്ചത്. ടീമിനായി 126 മത്സരങ്ങളില്‍ കളത്തിലെത്തിയ താരം 33 ഗോളുകൾ നേടിയിട്ടുണ്ട്. 2018ലെ റഷ്യ ലോകകപ്പിൽ ബെൽജിയത്തിനെ മൂന്നാം സ്ഥാനക്കാരാക്കുന്നതില്‍ നിര്‍ണായക പങ്കാണ് ഹസാർഡിനുള്ളത്.
റഷ്യയില്‍ കിരീടം നേടാനുള്ള സുവര്‍ണാവസരം തങ്ങള്‍ നഷ്‌ടപ്പെടുത്തുകയായിരുന്നുവെന്ന് അടുത്തിടെ താരം തുറന്ന് പറഞ്ഞിരുന്നു. സുവർണ തലമുറ എന്നറിയപ്പെട്ട ബെൽജിയം സ്‌ക്വാഡിനെ ഹസാർഡിനൊപ്പം കെവിൻ ഡി ബ്രൂയ്ൻ, റൊമേലു ലുക്കാക്കു, ഡ്രൈസ് മെർട്ടൻസ്, കോർട്ടോയിസ് മുതലായ താരങ്ങളാണ് മുന്നിൽ നിന്ന് നയിച്ചത്.
2018ലെ കപ്പിൽ ഏറെ സാധ്യത കൽപിക്കപ്പെട്ടിരുന്നുവെങ്കിലും സെമിയില്‍ ഫ്രാന്‍സിനോട് തോല്‍വി വഴങ്ങുകയായിരുന്നു. നിലവിലെ ഫിഫ റാങ്കില്‍ രണ്ടാം സ്ഥാനക്കാരാണെങ്കിലും ഖത്തറില്‍ നിന്നും ഗ്രൂപ്പ് ഘട്ടം കടക്കാനാവാതെയായിരുന്നു ബെല്‍ജിയം തിരിച്ച് പറന്നത്. ഗ്രൂപ്പ് ഏഫില്‍ മൊറോക്കോയ്‌ക്കും ക്രൊയേഷ്യയ്‌ക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ് സംഘത്തിന് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്. ടീമിലെ ഏറിയ താരങ്ങളും 30 വയസിന് മുകളിലുള്ളവരായിരുന്നു.
Also read: ക്രിസ്റ്റ്യാനോയുടെ കരിയറിന്‍റെ അവസാനം ദുരന്തമാകും ; അഹങ്കാരം അവസാനിപ്പിക്കണമെന്ന് ഗാരി നെവിൽ