മ്യൂണിക്ക്: ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ടായിരുന്നു ഫ്രാന്‍സ് അര്‍ജന്‍റീനയ്‌ക്കെതിരെ ഇറങ്ങിയത്. എന്നാല്‍ വീറും വാശിയും നിറഞ്ഞ മത്സരത്തില്‍ ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരോട് കീഴടങ്ങാനായിരുന്നു ഫ്രഞ്ച് പടയുടെ വിധി. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും സമനില പാലിച്ചതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് വിജയിയെ കണ്ടെത്തിയത്.
ഷൂട്ടൗട്ടില്‍ 4-2നാണ് ഫ്രാന്‍സ് തോല്‍വി വഴങ്ങിയത്. അര്‍ജന്‍റീനയ്‌ക്കായി ലയണല്‍ മെസി, പൗലോ ഡിബാല, ലിയാന്‍ഡ്രോ പരെഡസ്, മോണ്ടിയാല്‍ എന്നിവരാണ് വലകുലുക്കിയത്. ഫ്രാന്‍സിനായി കിക്കെടുത്ത എംബാപ്പെ, കൊലോ മുവാനി എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ കിങ്‌സ്‌ലി കോമനും ഔറേലിയന്‍ ചൗമേനിയ്‌ക്കും പിഴച്ചിരുന്നു.
കോമാന്‍റെ കിക്ക് അര്‍ജന്‍റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിന്‍സ് തടഞ്ഞപ്പോള്‍ ചൗമേനിയുടെ കിക്ക് പുറത്തേക്ക് പോവുകയായിരുന്നു. ഇതിന് പിന്നാലെ കടുത്ത വംശീയ അധിക്ഷേപം നേരിടുകയാണ് ചൗമേനിയും കിങ്‌സ്‌ലി കോമനും. ഇപ്പോഴിതാ കിങ്‌സ്‌ലി കോമന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരത്തിന്‍റെ ക്ലബായ ബയേണ്‍ മ്യൂണിക്ക്.
26കാരനായ താരത്തിന് നേരെയുള്ള അധിക്ഷേപങ്ങളെ ശക്തമായി അപലപിക്കുന്നതായി ജര്‍മന്‍ ക്ലബ് പ്രസ്‌താവനയില്‍ പറഞ്ഞു. "എഫ്‌സി ബയേൺ കുടുംബം നിങ്ങളുടെ പിന്നിലുണ്ട്, കിങ്.. വംശീയതയ്ക്ക് കായികരംഗത്തോ നമ്മുടെ സമൂഹത്തിലോ സ്ഥാനമില്ല." എഫ്‌സി ബയേണ്‍ പ്രസ്‌താവനയില്‍ പറഞ്ഞു.
2020 യൂറോ കപ്പില്‍ പെനാല്‍റ്റി പാഴാക്കിയതിനെ തുടര്‍ന്ന് ഇംഗ്ലണ്ട് താരങ്ങളായ മാര്‍ക്കസ് റാഷ്‌ഫോഡ്, ജാഡന്‍ സാഞ്ചോ, ബുക്കായോ സാക്ക എന്നിവരും കടുത്ത വംശീയ അധിക്ഷേപം നേരിട്ടിരുന്നു. അതേസമയം ലോകകപ്പില്‍ തങ്ങളുടെ മൂന്നാം കിരീടമാണ് അര്‍ജന്‍റീന ഖത്തറില്‍ നേടിയത്.
Also read: 'ഞങ്ങള്‍ തിരിച്ചുവരും': ഫുട്‌ബോള്‍ ലോകത്തിന് എംബാപ്പെയുടെ സന്ദേശം