മാഡ്രിഡ്: സ്‌പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ് വിടുന്നത് സ്ഥിരീകരിച്ച് ഗാരെത് ബെയ്ൽ. റയല്‍ മാഡ്രിഡില്‍ കളിക്കുകയെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കിയതില്‍ സന്തോഷമുണ്ടെന്ന് 32കാരനായ ബെയ്ൽ പറഞ്ഞു. ഈ മാസം അവസാനത്തോടെ കരാർ അവസാനിക്കുന്ന ബെയ്ൽ 2013ൽ ടോട്ടൻഹാമിൽ നിന്ന് മാഡ്രിഡിലെത്തുന്നത്.
''ഒമ്പത് വർഷം മുമ്പ് റയൽ മാഡ്രിഡിനായി കളിക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ് ഞാന്‍ ഇവിടെയെത്തുന്നത്. ഏറെ പാരമ്പര്യമുള്ള ജേഴ്‌സി ധരിക്കാനും സാന്‍റിയാഗോ ബെർണാബുവിൽ കളിക്കാനും, കിരീടങ്ങൾ നേടാനും, ക്ലബിന്‍റെ പ്രശസ്‌തിയുടെ ഭാഗമാവാന്‍ കഴിഞ്ഞതിലും അഭിമാനമുണ്ട്. തിരിഞ്ഞു നോക്കുമ്പോള്‍ എന്‍റെ സ്വപ്‌നം യാഥാർഥ്യമായിത്തീർന്നുവെന്ന് സത്യസന്ധതയോടെ പറയാനാവും.'' ബെയ്ൽ പറഞ്ഞു.
അതേസമയം പുതിയ തട്ടകം ഏതെന്നുള്ള ഒരു സൂചനയും താരം നല്‍കിയിട്ടില്ല. 2014, 2018 ചാമ്പ്യൻസ് ലീഗ് ഫൈനലുകളിൽ സ്‌കോർ ചെയ്‌ത ഗാരെത് ബെയ്ൽ, ടീമിന്‍റെ അഞ്ച് യൂറോപ്യൻ കിരീട നേട്ടത്തില്‍ നിര്‍ണാക പങ്കുവഹിച്ചിട്ടുണ്ട്. റയലിനൊപ്പം നാല് ക്ലബ് ലോകകപ്പ് ട്രോഫികളും, മൂന്ന് സ്പാനിഷ് ലീഗ് കിരീടങ്ങൾ താരം സ്വന്തമാക്കിയിട്ടുണ്ട്.
ആരാധകരുമായും ക്ലബുമായും അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്ന താരം സീസണില്‍ ഏഴ് മത്സരങ്ങളില്‍ ഒരു തവണ ഗോള്‍ നേടിയിട്ടുണ്ട്.