ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിനും, ലോക ചാമ്പ്യന്‍ഷിപ്പിനും തയ്യാറെടുക്കുന്ന ഒളിമ്പിക് വെങ്കല മെഡല്‍ ജേതാവ് ബജ്‌രംഗ് പുനിയ പരിശീലനത്തിനായി അമേരിക്കയിലേക്ക് പറക്കും. മിഷിഗണില്‍ നടക്കുന്ന 35 ദിവസത്തെ പരിശീലന ക്യാമ്പില്‍ പങ്കെടുക്കുന്നതിന് താരത്തിന് വേണ്ട സാമ്പത്തിക സഹായത്തിന് അംഗീകാരം നല്‍കി. ജൂണ്‍ 25 മുതല്‍ ജൂലൈ 30 വരെയാണ് പരിശീലന ക്യാമ്പ്.
കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ മിഷന്‍ ഒളിമ്പിക് സെല്ലാണ് താരത്തിനുള്ള സാമ്പത്തിക സഹായത്തിന് അംഗീകാരം നല്‍കിയത്. മന്ത്രാലയത്തിന്റെ ടാർഗെറ്റ് ഒളിമ്പിക് പോഡിയം സ്‌കീം (TOPS) നല്‍കുന്ന ധനസഹായം ബജ്‌രംഗിന്‍റെ യാത്ര, ദൈനംദിന ചിലവുകള്‍ എന്നിവയ്‌ക്കാണ്. കൂടാതെ താരത്തിന്‍റെ പരിശീലകന്‍, ഫിസിയോ എന്നിവരുടെ ചെലവുകളും വഹിക്കും.
കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ സൈക്കിളിംഗ് താരങ്ങളായ റൊണാള്‍ഡോ സിങ്, ഡേവിഡ് ബെക്കാം എന്നിവര്‍ക്കായി പുതിയ ടി20 പ്രോട്ടീം ലുക്ക് ടിടി ട്രാക്ക് ബൈക്കുകൾ വാങ്ങുന്നതിമുള്ള സാമ്പത്തിക സഹായവും എംഒസി അംഗീകരിച്ചിരുന്നു.ടോക്കിയോ ഒളിമ്പിക്‌സിൽ ഫ്രഞ്ച് ദേശീയ ടീം ഉപയോഗിച്ചിരുന്നതും പുതിയ ടോപ്പ്-ഓഫ്-റേഞ്ച് ട്രാക്ക് ബൈക്കുകളായ T20 ബൈക്കുകളായിരുന്നു. കൂടാതെ മറ്റ് മത്സര ഇനങ്ങളില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്കും പ്രത്യേകം ധനസഹായത്തിന് അംഗീകാരം നല്‍കിയിട്ടുണ്ട്.