ലണ്ടന്‍ : എടിപി റാങ്കിങ്ങില്‍ ലോക ഒന്നാം നമ്പർ സ്ഥാനം തിരിച്ചുപിടിച്ച് നൊവാക് ജോക്കോവിച്ച്. തിങ്കളാഴ്ച പുറത്തിറക്കിയ പുതിയ റാങ്കിങ്ങിലാണ് 20 തവണ ഗ്രാൻഡ് സ്ലാം ചാമ്പ്യനായ ജോക്കോ വീണ്ടും ഒന്നാമനായത്. റഷ്യന്‍ താരം ഡാനിൽ മെദ്‌വദേവിനെയാണ് സെര്‍ബിയന്‍ താരം മറികടന്നത്.
ഇന്ത്യൻ വെൽസ് മാസ്‌റ്റേഴ്‌സില്‍ രണ്ടാം റൗണ്ടില്‍ തോല്‍വി വഴങ്ങിയതാണ് മെദ്‌വദേവിന് തിരിച്ചടിയായത്. ജോക്കോ ടൂര്‍ണമെന്‍റിലിറങ്ങിയിരുന്നില്ല. 8465 പോയിന്‍റോടെയാണ് ജോക്കോ ഒന്നാം സ്ഥാനത്തേക്ക് കയറിയത്.
രണ്ടാമതുള്ള മെദ്‌വദേവിന് 8445 പോയിന്‍റാണുള്ളത്. അതേസമയം ഇന്ത്യൻ വെൽസിന്‍റെ ഫൈനലിലെത്തിയ റാഫേൽ നദാല്‍ ആദ്യ മൂന്നിലേക്ക് തിരിച്ചെത്തി. കലാശപ്പോരില്‍ അമേരിക്കയുടെ യുവ താരം ടൈലർ ഫ്രിറ്റ്സിനോട് നദാലിന് അടിതെറ്റിയിരുന്നു. 2022ൽ തുടർച്ചയായ 20 ജയങ്ങൾക്ക് ശേഷമാണ് നദാല്‍ തോല്‍വി വഴങ്ങുന്നത്.
also read: വനിത ലോകകപ്പില്‍ 13 വര്‍ഷങ്ങള്‍ക്ക് ശേഷം പാകിസ്ഥാന് ആദ്യ ജയം
നേരത്തെ ഫെബ്രുവരി 28നാണ് ജോക്കോയെ പിന്തള്ളി മെദ്‌വദേവ് ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. റെക്കോഡ് കാലയളവായ 361 ആഴ്‌ചകള്‍ക്ക് ശേഷമായിരുന്നു ജോക്കോ രണ്ടാം സ്ഥാനത്തേക്ക് പടിയിറക്കപ്പെട്ടത്. നേട്ടത്തോടെ എടിപി റാങ്കിങ്ങില്‍ ഒന്നാമതെത്തുന്ന 27ാമത്തെ താരമാവാനും മെദ്‌വദേവിനായിരുന്നു.
അതേസയം ഈ വര്‍ഷം ഇതേവരെ ദുബായില്‍ മാത്രമാണ് ജോക്കോ കളിച്ചിട്ടുള്ളത്. ടൂര്‍ണമെന്‍റിന്‍റെ ക്വാര്‍ട്ടറില്‍ ചെക്ക് താരം ജിരി വെസ്‌ലിയോട് പരാജയപ്പെട്ട താരം പുറത്താവുകയും ചെയ്‌തു.