ടൂറിന്‍: എടിപി ഫൈനൽസ് ടെന്നീസ് കിരീടം സെര്‍ബിയയുടെ ലോക എട്ടാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിന്. കലാശപ്പോരില്‍ ലോക മൂന്നാം നമ്പർ താരം കാസ്‌പർ റൂഡിനെ തോല്‍പ്പിച്ചാണ് 35കാരനായ ജോക്കോ കിരീടം ഉയര്‍ത്തിയത്. ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് 23കാരനായ കാസ്‌പർ റൂഡ് ജോക്കോയ്‌ക്ക് മുന്നില്‍ കീഴടങ്ങിയത്.
രണ്ട് മണിക്കൂറില്‍ താഴെ മാത്രമാണ് മത്സരം നീണ്ടുനിന്നത്. സ്‌കോര്‍: 7-5, 6-3. സീസണ്‍ എന്‍ഡിങ് ടൂര്‍ണമെന്‍റായ എടിപി ഫൈനൽസില്‍ ആറാം കിരീടമാണ് ജോക്കോ ഇത്തവണ നേടിയത്. ഇതോടെ എടിപി ഫൈനല്‍സില്‍ ഏറ്റവുമധികം കിരീടങ്ങളെന്ന റോജര്‍ ഫെഡററുടെ റെക്കോഡിനൊപ്പമെത്താനും ജോക്കോയ്‌ക്ക് കഴിഞ്ഞു.
ടൂര്‍ണമെന്‍റില്‍ ജേതാവുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡും 35കാരനായ ജോക്കോ സ്വന്തമാക്കി. 30ാം വയസില്‍ കിരീടമുയര്‍ത്തി ഫെഡറര്‍ സ്ഥാപിച്ച റെക്കോഡാണ് ജോക്കോ മറികടന്നത്. അതേസമയം നേരത്തെ 2008, 2012, 2013, 2014, 2015 വര്‍ഷങ്ങളിലായിരുന്നു സെര്‍ബിയന്‍ താരം ചാമ്പ്യന്‍ഷിപ്പ് നേടിയത്.
ജോക്കോയുടെ ആദ്യ കിരീടവും ഏറ്റവും പുതിയതുമായ വിജയങ്ങള്‍ തമ്മില്‍ 14 വര്‍ഷത്തെ അന്തരമാണുള്ളത്. ഇതോടെ ഈ ഇനത്തിലെ റെക്കോഡും ജോക്കോ പോക്കറ്റിലാക്കി. എട്ട് വർഷത്തെ ഇടവേളയിൽ തങ്ങളുടെ ആദ്യത്തേയും അവസാനത്തേയും എടിപി ഫൈനല്‍സ് കിരീടം ഉയര്‍ത്തിയ സാംപ്രസിന്‍റെയും ഫെഡററുടെയും നേട്ടമാണ് പഴങ്കഥയായത്.