ഹാങ്‌ചോ : ഏഷ്യന്‍ ഗെയിംസിന്‍റെ (Asian Games 2023) ഒന്‍പതാം ദിനം വെങ്കലത്തോടെ തുടങ്ങി ഇന്ത്യ. 3000 മീറ്റര്‍ സ്‌പീഡ് സ്‌കേറ്റിങ്ങിലാണ് (Speed Skating 3000M Relay) ഇന്ത്യയുടെ മെഡല്‍ നേട്ടം. ഈ വിഭാഗത്തില്‍ മത്സരിക്കാനിറങ്ങിയ ഇന്ത്യയുടെ പുരുഷ ടീമും വനിത ടീമും വെങ്കലം സ്വന്തമാക്കി.
പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ ടീം 4 മിനിട്ട് 10.13 സെക്കന്‍ഡ് കൊണ്ടായിരുന്നു ഫിനിഷ് ചെയ്‌തത്. ആനന്ദ്കുമാർ വേൽകുമാർ (Anandkumar Velkumar), സിദ്ധാന്ത് രാഹുൽ കാംബ്ലെ (Siddhant Rahul Kamble), വിക്രം രാജേന്ദ്ര ഇംഗലെ (Vikram Rajendra Ingale) എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യയ്ക്കായി വെങ്കലം നേടിയത്.
തായ്‌വാന്‍ സംഘമാണ് ഈ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തോടെ സ്വര്‍ണ മെഡല്‍ നേടിയത്. 4 മിനിട്ട് 05.69 സെക്കന്‍ഡ് സമയത്തില്‍ മത്സരം ഫിനിഷ് ചെയ്‌താണ് തായ്‌വാന്‍ (Taiwan) ടീം ഒന്നാമതെത്തിയത്. 4 മിനിട്ട് 05.70 സെക്കന്‍ഡ് സമയം കൊണ്ട് മത്സരം ഫിനിഷ് ചെയ്‌ത സൗത്ത് കൊറിയക്കാണ് (South Korea) ഈ വിഭാഗത്തില്‍ വെള്ളി.
വനിതകളുടെ 3000 മീറ്റര്‍ സ്‌പീഡ് സ്‌കേറ്റിങ്ങില്‍ കാർത്തിക ജഗദീശ്വരൻ (Karthika Jagadeeswaran), ഹീരൽ സാധു (Heeral Sadhu), ആരതി കസ്‌തൂരി രാജ് (Aarathy Kasturi Raj) എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യയ്ക്കായി വെങ്കലം നേടിയത്. നാല് മിനിട്ട് 36.86 സെക്കന്‍ഡ് കൊണ്ടായിരുന്നു ഇന്ത്യന്‍ സംഘം മത്സരം പൂര്‍ത്തിയാക്കിയത്. തായ്‌വാന്‍ തന്നെയാണ് വനിത വിഭാഗത്തിലും സ്വര്‍ണമെഡല്‍ സ്വന്തമാക്കിയത്.
നാല് മിനിട്ട് 19.44 സെക്കന്‍ഡ് സമയം കൊണ്ടായിരുന്നു തായ്‌വാന്‍ ഫിനിഷ് ചെയ്‌തത്. ദക്ഷിണ കൊറിയക്കാണ് വെള്ളി മെഡല്‍. 4 മിനിട്ട് 21.14 സെക്കന്‍ഡ് കൊണ്ടായിരുന്നു അവര്‍ മത്സരം ഫിനിഷ് ചെയ്‌തത്.
മെഡല്‍ പട്ടികയില്‍ നിലവില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. 13 സ്വര്‍ണം, 21 വെള്ളി, 21 വെങ്കലം എന്നിവയാണ് ഇന്ത്യയുടെ അഭിമാന താരങ്ങള്‍ ഹാങ്‌ചോയില്‍ നിന്നും ഇതുവരെ നേടിയത്. മെഡല്‍ വേട്ടയില്‍ മുന്നിലുള്ളത് ആതിഥേയരായ ചൈനയാണ്. 139 സ്വര്‍ണം ഉള്‍പ്പടെ 251 മെഡലുകള്‍ അവര്‍ ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട് (Asian Games Medal Tally). ജപ്പാന്‍, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളാണ് മെഡല്‍ വേട്ടക്കാരില്‍ യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങളില്‍.