ഹാങ്ചോ: ഏഷ്യന്‍ വന്‍കരയുടെ കായിക മാമാങ്കമായ ഏഷ്യന്‍ ഗെയിംസിന്‍റെ 19-ാം (Asian Games 2023) പതിപ്പിന് ഇന്ന് (സെപ്‌റ്റംബര്‍ 23) ഔദ്യോഗിക തുടക്കം. ചൈനീസ് നഗരമായ ഹാങ്ചോയിലെ സ്‌പോര്‍ട്‌സ് സെന്‍റര്‍ സ്റ്റേഡിയത്തില്‍ (Asian Games 2023 Opening Ceremony) ഇന്ത്യന്‍ സമയം വൈകുന്നേരം അഞ്ചരയ്‌ക്കാണ് ഉദ്‌ഘാടന ചടങ്ങ്. കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ഗെയിംസ് കൊവിഡ് പശ്ചാത്തലത്തിലാണ് ഈ വര്‍ഷത്തേക്ക് മാറ്റിയത്.
45 രാജ്യങ്ങളില്‍ നിന്നും 12,000ത്തിലധികം കായിക താരങ്ങളാണ് ഇക്കുറി ഏഷ്യാഡില്‍ വിവിധ മത്സരവിഭാഗങ്ങളില്‍ മാറ്റുരയ്‌ക്കുന്നത്. 16 ദിവസങ്ങളിലായാണ് മത്സരങ്ങള്‍. എന്നാല്‍ ക്രിക്കറ്റ്, ഫുട്‌ബോള്‍, വോളീബോള്‍, ടേബിള്‍ ടെന്നീസ് ഉള്‍പ്പടെയുള്ള വിഭാഗങ്ങളിലെ മത്സരങ്ങള്‍ നാല് ദിവസം മുന്‍പ് തന്നെ തുടങ്ങിയിരുന്നു.
ഹാങ്ചോയിലെയും അഞ്ച് സമീപ നഗരങ്ങളിലുമായി 54 വേദികളാണ് മത്സരങ്ങള്‍ക്കായി ഒരുങ്ങിയിരിക്കുന്നത്. വൈകുന്നേരം അഞ്ചരയ്‌ക്ക് നടക്കുന്ന ഉദ്‌ഘാടന ചടങ്ങില്‍ ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങാണ് (Xi Jinping) മുഖ്യാഥിതി. ഉദ്ഘാടന ചടങ്ങിന്‍റെ ഭാഗമായ മാര്‍ച്ച് പാസ്റ്റില്‍ ഹോക്കി ടീം നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങും (Harmanpreet Singh) ബോക്‌സര്‍ ലവ്‌ലിന ബോര്‍ഗോഹെയ്‌നുമാണ് (Lovlina Borgohain) ഇന്ത്യന്‍ ദേശീയപതാക വാഹകരാകുന്നത് (Indian Flag Bearer in Asian Games 2023).
655 പേരടങ്ങുന്ന സംഘവുമായാണ് ഇന്ത്യ ഇക്കുറി ചൈനയിലേക്ക് വണ്ടി കയറിയിരിക്കുന്നത്. ചരിത്രത്തില്‍ തന്നെ ഏഷ്യന്‍ ഗെയിംസിലേക്ക് ഇന്ത്യ അയക്കുന്ന ഏറ്റവും വലിയ സംഘമാണ് ഇപ്രാവശ്യത്തേത്. 40 ഇനങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കുന്നുണ്ട്.
2018ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ 70 മെഡലുകളാണ് നേടിയത്. 16 സ്വര്‍ണവും 23 വെള്ളിയും 31 വെങ്കലവും വാരിക്കൂട്ടിയാണ് ഇന്ത്യന്‍ സംഘം ജക്കാര്‍ത്തയില്‍ നിന്നും മടങ്ങിയത്. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലെ തന്നെ ഇന്ത്യയുടെ മികച്ച നേട്ടമായിരുന്നുവിത്.
ഈ നേട്ടം ഇക്കുറി ഉയര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ സംഘം. ഒളിമ്പിക്‌സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണമെഡല്‍ നേടിയ നീരജ് ചോപ്ര (Neeraj Chopra), ലോങ് ജംപില്‍ ഡയമണ്ട് ലീഗ് ഫൈനല്‍സിലേക്ക് യോഗ്യത നേടിയ മലയാളി താരം എം ശ്രീശങ്കര്‍ (M Sreeshankar) ഉള്‍പ്പടെയുള്ള അന്താരാഷ്‌ട്ര ശ്രദ്ധ നേടിയ താരങ്ങള്‍ ഇക്കുറി ഇന്ത്യന്‍ സംഘത്തിനൊപ്പമുണ്ട്.