ഹാങ്‌ചോ : ഏഷ്യൻ ഗെയിംസ് (Asian Games 2023) ഷൂട്ടിങ്ങില്‍ സുവർണ നേട്ടവുമായി ഇന്ത്യ. സ്വർണം പുരുഷ വിഭാഗം 10 മീറ്റർ എയർറൈഫിൾസ് വിഭാഗത്തില്‍. സ്വർണം നേടിയത് ദിവ്യാൻഷ് (Divyansh Singh Panwar), ഐശ്വരി (Aishwary Pratap Singh Tomar), രുദ്രാൻക്ഷ് (Rudrankksh Balasaheb Patil) എന്നിവരടങ്ങിയ ടീം. മൂന്ന് പേരും വ്യക്തിഗത വിഭാഗത്തിലും ഫൈനലില്‍ മത്സരിക്കും. ചൈനയിലെ ഹാങ്ചോയില്‍ നടക്കുന്ന ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ ആദ്യ സ്വർണമാണിത്. ലോകറെക്കോഡ് തിളക്കത്തിലാണ് ഇന്ത്യ സ്വർണം നേടിയത്.
1893.7 പോയിന്‍റോടെയാണ് ഇന്ത്യന്‍ സംഘം ഏഷ്യന്‍ ഗെയിംസിലെ സുവര്‍ണ നേട്ടം സ്വന്തമാക്കിയത്. ഈ വര്‍ഷം ആദ്യം ലോക ചാമ്പ്യന്‍ഷിപ്പില്‍ ചൈന 1893.3 പോയിന്‍റോടെയാണ് റെക്കോഡ് സ്ഥാപിച്ചത്. എന്നാല്‍, ഏഷ്യാഡില്‍ ഇത് മറികടക്കുന്ന പ്രകടനമായിരുന്നു ഇന്ത്യന്‍ താരങ്ങളുടേത്.
ഈ വിഭാഗത്തില്‍ 1890.1 പോയിന്‍റോടെ കൊറിയ ആണ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തത്. മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത ചൈനയ്‌ക്ക് 1888.2 പോയിന്‍റായിരുന്നു നേടാനായത്.
ഏഷ്യന്‍ ഗെയിംസിന്‍റെ 19-ാം പതിപ്പില്‍ ഷൂട്ടിങ്ങിലൂടെയായിരുന്നു ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടം. ഇന്ത്യയ്‌ക്കായി പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ വനിത സംഘമാണ് ആദ്യം വെള്ളി മെഡല്‍ നേടിയത്. മെഹുലി ഘോഷ് (Mehuli Ghosh), ആഷി ചൗക്‌സി (Ashi Chouksey), റമിത (Ramita) സഖ്യമായിരുന്നു ഇന്ത്യയ്‌ക്ക് വെള്ളി മെഡല്‍ നേടിക്കൊടുത്തത്.
1886 പോയിന്‍റ് നേടിക്കൊണ്ടായിരുന്നു ഇന്ത്യന്‍ സംഘം വെള്ളി മെഡല്‍ നേടിയത്. ഇതിന് പിന്നാലെ, സിംഗിള്‍സില്‍ റമിത ഇന്ത്യയ്‌ക്കായി വെങ്കലം നേടിയിരുന്നു. 230.1 പോയിന്‍റ് നേടിയാണ് റമിത കഴിഞ്ഞ ദിവസം വെങ്കലം സ്വന്തമാക്കിയത്.