ജക്കാര്‍ത്ത: ഏഷ്യ കപ്പ് ഹോക്കി ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് സമനില. ചിരവൈരികളായ പാകിസ്ഥാനാണ് ഇന്ത്യയെ സമനിലയില്‍ കുരുക്കിയത്. പൂള്‍ എ യില്‍ നടന്ന മത്സരത്തില്‍ ഓരോ ഗോളുകള്‍ വീതം നേടിയാണ് ഇരു സംഘവും സമനിലയില്‍ പിരിഞ്ഞത്.
ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റക്കാരന്‍ കാര്‍ത്തി സെല്‍വവും പാകിസ്ഥാനായി അബ്ദുല്‍ റാണയും ലക്ഷ്യം കണ്ടു. മത്സരത്തിന്‍റെ ആദ്യ ക്വാര്‍ട്ടറില്‍ തന്നെ മുന്നിലെത്താന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. പെനാല്‍ട്ടി കോര്‍ണറിലൂടെയാണ് 20കാരനായ കാര്‍ത്തി സെല്‍വത്തിന്‍റെ ഗോള്‍ നേട്ടം.
ഒരു ഗോള്‍ ലീഡുമായി രണ്ടും മൂന്നും ക്വാര്‍ട്ടറുകള്‍ അവസാനിപ്പിക്കാന്‍ ഇന്ത്യയ്‌ക്കായി. എന്നാല്‍ നാലാം ക്വാര്‍ട്ടര്‍ അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കെയാണ് പാകിസ്ഥാന്‍ സമനില ഗോള്‍ നേടിയത്. പെനാല്‍ട്ടി കോര്‍ണറിലൂടെയായിരുന്നു അബ്ദുല്‍ റാണയും ലക്ഷ്യം കണ്ടത്.
മത്സരത്തില്‍ ഏറെ അവസരങ്ങള്‍ നഷ്‌ടപ്പെടുത്തിയതാണ് ഇന്ത്യയ്‌ക്ക് തിരിച്ചടിയായത്. പാക് ഗോള്‍ കീപ്പര്‍ അക്‌മല്‍ ഹുസൈനാണ് മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.