ബ്യൂണസ് ഐറിസ് : ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഖത്തർ ലോകകപ്പിനായുള്ള കരുത്തുറ്റ ടീമിനെ അവതരിപ്പിച്ച് അർജന്‍റീന. ലയണൽ മെസിയുടെ നേതൃത്വത്തിലുള്ള 26 അംഗ ടീമിനെയാണ് പരിശീലകൻ ലയണൽ സ്‌കലോനി പ്രഖ്യാപിച്ചത്. ലോകത്തെ മുൻനിര ക്ലബ്ബുകളില്‍ തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയ സൂപ്പർ താരങ്ങളെ ഉൾപ്പെടുത്തി അതിശക്‌തമായ ടീമുമായാണ് അർജന്‍റീന ഇത്തവണ ഖത്തറിലേക്ക് പറക്കാനൊരുങ്ങുന്നത്.
അഞ്ചാം ലോകകപ്പിനിറങ്ങുന്ന ലയണൽ മെസി കിരീടത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യം വയ്‌ക്കുന്നില്ല. ഒരു പക്ഷേ മെസിയുടെ അവസാന ലോകകപ്പായിരിക്കും ഇത്. അതിനാൽ തന്നെ താരത്തിന് ലോകകപ്പോടെ യാത്രയയപ്പ് നൽകാനാകും അർജന്‍റീന ടീമിന്‍റെയും ലക്ഷ്യം. അതിനാൽ തന്നെയാണ് ശക്തമായ ടീമിനെ ലയണൽ സ്‌കലോണി സജ്ജമാക്കിയത്.
ALSO READ: റാമോസും തിയാഗോയും പുറത്ത് ; ഖത്തർ ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ച് സ്‌പെയിൻ
സ്‌കലോണിയുടെ കീഴിൽ തുടർച്ചയായ 35 മത്സരങ്ങളിൽ വിജയിച്ചാണ് അർജന്‍റീന ഖത്തറിലേക്കെത്തുന്നത്. കോപ്പ അമേരിക്ക കിരീടവും, ഫൈനലീസ്സീമയും നേടി മികച്ച ഫോമിലാണ് അർജന്‍റീന. ലോകകപ്പിൽ ഗ്രൂപ്പ് സിയിലാണ് അർജന്‍റീനയുടെ സ്ഥാനം. സൗദി അറേബ്യ, മെക്‌സിക്കോ, പോളണ്ട് എന്നീ ടീമുകളാണ് ഗ്രൂപ്പിൽ അർജന്‍റീനയ്‌ക്കൊപ്പമുള്ളത്. നവംബർ 22ന് സൗദി അറേബ്യക്കെതിരെയാണ് അർജന്‍റീനയുടെ ആദ്യ മത്സരം.
അർജന്‍റീന സ്‌ക്വാഡ്
- ഗോള്‍കീപ്പര്‍മാർ: എമിലിയാനോ മാര്‍ട്ടിനെസ്, ജെറോനിമോ റൂലി, ഫ്രാങ്കോ അര്‍മാനി.
- മുന്നേറ്റ നിര: ലയണല്‍ മെസി, ലൗട്ടാറോ മാര്‍ട്ടിനെസ്, ജൂലിയന്‍ അല്‍വാരസ്, നിക്കോളാസ് ഗോണ്‍സാലസ്, ജോക്വിന്‍ കൊറിയ, പൗലോ ഡിബാല.
- മധ്യനിര: റോഡ്രിഗോ ഡി പോള്‍, ലിയാന്‍ഡ്രോ പരെഡെസ്, അലെക്‌സിസ് മാക് അലിസ്റ്റര്‍, ഗൈഡോ റോഡ്രിഗസ്, അലക്‌സാണ്ട്രോ ഗോമസ്, എന്‍സോ ഫെര്‍ണാണ്ടസ്, എക്‌സെക്വെല്‍ പലാസിയോസ്.
- പ്രതിരോധ നിര: നഹ്വെല്‍ മൊളീന്യ, ഗോണ്‍സാലോ മോണ്‍ടിയെല്‍, ക്രിസ്റ്റിയന്‍ റൊമേറോ, ജെര്‍മന്‍ പെസെല്ല, നിക്കോളാസ് ഒട്ടമെന്‍ഡി, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, മാര്‍ക്കോസ് അക്യൂന, നിക്കോളാസ് ടാഗ്ലിയാഫിക്കോ, യുവാന്‍ ഫൊയ്ത്ത്.