യൂജിന്‍: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ജാവലിനില്‍ നീരജ് ചോപ്രയുടെ വെള്ളിമെഡല്‍ നേട്ടം ആഘോഷിക്കുകയാണ് രാജ്യം. യുഎസിലെ യൂജിനില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 88.13 മീറ്റർ ദൂരം കണ്ടെത്തിയാണ് നീരജ് വെള്ളി നേടിയത്. തന്‍റെ നാലാം ശ്രമത്തിലാണ് ചോപ്ര വെള്ളി ദൂരം കണ്ടെത്തിയത്.
തുടര്‍ന്നുള്ള രണ്ട് ശ്രമങ്ങളും ഫൗളില്‍ കലാശിച്ചതോടെ തന്‍റെ കരിയറിലെ മികച്ച പ്രകടനമായ 89.94 മീറ്റർ മറികടക്കാന്‍ താരത്തിന് കഴിഞ്ഞില്ല. മത്സരത്തില്‍ 90.54 മീറ്റര്‍ ദൂരത്തോടെ ഗ്രാനഡയുടെ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സാണ് സ്വര്‍ണം നേടിയത്. ചെക്ക് റിപ്പബ്ലിക്കിന്‍റെ ജാക്കൂബ് വാദ്‌ലെച്ചാണ് 88.09 മീറ്ററോടെ വെങ്കലം നേടിയത്.
ക്രിക്കറ്ററാവാന്‍ ആഗ്രഹിച്ച ആന്‍ഡേഴ്‌സന്‍ നിരവധി വഴിത്തിരിവുകളിലൂടെയാണ് ജാവലിന്‍റെ വഴിയിലെത്തുന്നത്. കരിയറിന്‍റെ തുടക്കത്തില്‍ നീരജിന് പിന്നില്‍ നിന്ന താരം മുന്നിലേക്ക് പൊരുതിക്കയറിയത് അവിശ്വസനീയമാം വിധമാണ്. ട്വിസ്റ്റുകള്‍ നിറഞ്ഞ ആന്‍ഡേഴ്‌സനിന്‍റെ ഉയര്‍ച്ചയുടെ കഥയിങ്ങനെയാണ്.
ഫാസ്റ്റ് ബൗളറാവാന്‍ കൊതിച്ച കുട്ടിക്കാലം: തെരുവുകളില്‍ ക്രിക്കറ്റ് കളിച്ചിരുന്ന കാലത്ത് ബ്രെറ്റ് ലീയേയും ഷോയ്ബ് അക്തറിനെയും പോലെ 90 മൈൽ വേഗതയിൽ പന്തെറിയാനായിരുന്നു ആന്‍ഡേഴ്‌സന്‍ സ്വപ്നം കണ്ടിരുന്നത്. എന്നാല്‍ ഉസൈന്‍ ബോള്‍ട്ട് വേഗരാജാവെന്ന് പേരെടുത്തതോടെ ആന്‍ഡേഴ്‌സനിന്‍റെ മനസ് സ്‌പ്രിന്‍റിലേക്ക് തിരിഞ്ഞു.
തുടര്‍ന്ന് ബോള്‍ട്ടിനെപ്പൊലെ ട്രാക്കില്‍ മിന്നല്‍ പിണറാവുകയായിരുന്നു ലക്ഷ്യം. എന്നാല്‍ പരിക്ക് തിരിച്ചടിയായതോടെ സ്‌പ്രിന്‍റ് ഉപേക്ഷിക്കേണ്ടി വന്നു. എങ്ങോട്ടെന്നില്ലാതെ നില്‍ക്കുന്ന ഘട്ടത്തിലാണ് ചില കുട്ടികള്‍ ജാവലിന്‍ എറിയുന്നത് ആന്‍ഡേഴ്‌സനിന്‍റെ ശ്രദ്ധയില്‍ പെടുന്നത്. ഇതോടെയാണ് ജാവലിനേക്ക് തിരിയിന്‍ ആന്‍ഡേഴ്‌സന്‍ തീരുമാനിക്കുന്നത്.
ക്രിക്കറ്റും ജാവലിനും ഏറെക്കുറെ സമാനമാണെന്ന തോന്നലാണ് താരത്തെ ഇത്തരത്തില്‍ ചിന്തിപ്പിച്ചത്. ഒരു റണ്ണപ്പിന് ശേഷം, പൊടുന്നനെ നിന്ന് കയ്യിലുള്ള വസ്‌തു ദൂരത്തേക്കെറിയുക. ഫാസ്റ്റ് ബോളറാവാന്‍ കൊതിച്ച തനിക്ക് മറ്റുള്ളവരേക്കാള്‍ കൂടുതല്‍ ദൂരത്ത് ജാവലിന്‍ പായിക്കാനാവുമെന്ന വിശ്വാസം താരത്തിന്‍റെ മനസിലുറച്ചു. ഇതോടെ 90 മൈല്‍ വേഗത്തിന് പകരം 90 മീറ്റര്‍ ദൂരമെന്ന ലക്ഷ്യവും ആന്‍ഡേഴ്‌സനിന്‍റെ മനസിലുദിച്ചു.
തുടക്കം നീരജിന്‍റെ നിഴലായി: തങ്ങളുടെ 24ാം വയസിലാണ് നീരജും ആന്‍ഡേഴ്‌സനും അന്താരാഷ്‌ട്ര കരിയര്‍ ആരംഭിക്കുന്നത്. 2016ലെ അണ്ടർ 20 ലോക ചാമ്പ്യൻഷിപ്പിലാണ് ഇരുവരും ആദ്യമായി മത്സര രംഗത്തെത്തിയത്. ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ നീരജ് ജാവലിന്‍റെ ഭാവിയെന്ന് വാഴ്‌ത്തപ്പെട്ടപ്പോള്‍ ആന്‍ഡേഴ്‌സന് വെങ്കലം കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു. 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും ഇതാവര്‍ത്തിച്ചു. ടോക്കിയോ ഒളിമ്പിക്‌സില്‍ നീരജ് സ്വര്‍ണം നേടിയപ്പോള്‍ ഫൈനലിന് യോഗ്യത പോലും നേടാനാവാതെയായിരുന്നു ആന്‍ഡേഴ്‌സനിന്‍റെ മടക്കം.
ആന്‍ഡേഴ്‌സനിന്‍റെ കുതിപ്പ്: ടോക്കിയോ ഒളിമ്പിക്‌സിന് പിന്നാലെയാണ് ജാവലിനില്‍ ആന്‍ഡേഴ്‌സനിന്‍റെ ദിനങ്ങള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് നടന്ന സ്‌റ്റോക്ക്‌ഹോം ഡയമണ്ട് ലീഗിൽ 90.31 മീറ്റർ എറിഞ്ഞ് ആന്‍ഡേഴ്‌സന്‍ ഒന്നാം സ്ഥാനത്തെത്തി. തന്‍റെ കരിയറിലെ മികച്ച ദൂരമായ 89.94 എറിഞ്ഞിട്ടും നീരജിന് വെള്ളികൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു.
ദോഹ ഡയമണ്ട് ലീഗിൽ 93.07 മീറ്റർ എറിഞ്ഞ താരം നീരജിനെ ബഹുദൂരം പിന്നിലാക്കി. ഇന്ന് യൂജിനില്‍ മൂന്ന് തവണയാണ് ആന്‍ഡേഴ്‌സന്‍ 90 മീറ്റര്‍ മാര്‍ക്ക് പിന്നിട്ടത്. അടുത്ത മാസം ബർമിങ്‌ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിലാണ് ഇനി ഇരുവരും നേര്‍ക്ക്‌നേരെത്തുക. കരിയറില്‍ ഒരു തവണ പോലും നീരജിന് ഈ മാര്‍ക്ക് പിന്നിടാനായില്ലെന്നത് വെല്ലുവിളിയാണ്.
also read: ലോക ചാമ്പ്യന്‍ഷിപ്പ് ഒളിമ്പിക്‌സിനേക്കാള്‍ കഠിനം; വെള്ളി നേട്ടത്തില്‍ സംതൃപ്‌തനെന്നും നീരജ്