ദോഹ: ഏഷ്യന്‍ വന്‍കരയിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ മാമാങ്കത്തിന് ഇന്ന് പന്തുരുളും (AFC Asian Cup 2024). ലുസൈല്‍ സ്റ്റേഡിയം വേദിയാകുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പിന്‍റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ ഖത്തര്‍, ലെബനനെയാണ് നേരിടുന്നത് (Qatar vs Lebanon). ഇന്ത്യന്‍ സമയം രാത്രി 9:30നാണ് മത്സരം ആരംഭിക്കുന്നത്.
ടൂര്‍ണമെന്‍റിന്‍റെ രണ്ടാം ദിനമായ നാളെയാണ് (ജനുവരി 12) ഇന്ത്യ പ്രാഥമിക റൗണ്ടിലെ ആദ്യ മത്സരത്തിനായി കളത്തിലിറങ്ങുന്നത്. കരുത്തരായ ഓസ്‌ട്രേലിയ ആണ് ഇന്ത്യയുടെ എതിരാളികള്‍ (AFC Asian Cup India vs Australia). ഇന്ത്യന്‍ സമയം വൈകുന്നേരം അഞ്ചിന് അല്‍ റയാന്‍ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം.
24 ടീമുകളാണ് ഏഷ്യന്‍ വന്‍കരയുടെ ചാമ്പ്യന്മാരാകാന്‍ കാല്‍പന്ത് തട്ടാനിറങ്ങുന്നത്. നാല് ടീമുകള്‍ വീതമുള്ള ആറ് ഗ്രൂപ്പുകളിലായാണ് പ്രാഥമിക റൗണ്ടിലെ മത്സരങ്ങള്‍. ഓസ്‌ട്രേലിയക്കൊപ്പം ഉസ്‌ബെക്കിസ്ഥാന്‍, സിറിയ എന്നീ ടീമുകൾ ഉള്‍പ്പെടുന്ന ബി ഗ്രൂപ്പിലാണ് ഇന്ത്യ സ്ഥാനം പിടിച്ചിരിക്കുന്നത് (AFC Asian Cup Group B).
കഴിഞ്ഞ പ്രാവശ്യം ഏഷ്യന്‍ കപ്പിന്‍റെ ആദ്യ റൗണ്ട് കടക്കാന്‍ ഇന്ത്യയ്‌ക്ക് സാധിച്ചിരുന്നില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച മൂന്ന് മത്സരങ്ങളില്‍ നിന്നും ഒരൊറ്റ ജയം മാത്രമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. ഈ ജയത്തോടെ ഗ്രൂപ്പ് എയില്‍ അവസാന സ്ഥാനക്കാരായിട്ടാണ് ഇന്ത്യ മടങ്ങിയത്.
അതേസമയം, സമീപകാലത്തെ പ്രകടനങ്ങളും ഫിഫ റാങ്കിങ്ങില്‍ ഉണ്ടായ മുന്നേറ്റവും ഇപ്രാവശ്യം ഇന്ത്യന്‍ ടീമിന് കരുത്താകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ലോക നിലവാരത്തിലുള്ള ടീമുകളെയാണ് തങ്ങള്‍ക്ക് നേരിടാനുള്ളതെന്നും പോരാട്ടങ്ങള്‍ കടുപ്പമേറിയത് ആയിരിക്കുമെന്നതില്‍ തങ്ങള്‍ക്ക് ധാരണയുണ്ടെന്ന് ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്‍റെ മാറ്റ് അറിയാനുള്ള അവസരമാണ് ഈ ടൂര്‍ണമെന്‍റെന്നുമായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.
ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ആദ്യ മത്സരത്തിനായി നാളെ ഇറങ്ങുന്ന ഇന്ത്യ തങ്ങളുടെ രണ്ടാം മത്സരം ഉസ്‌ബകിസ്ഥാനെതിരെയാണ് കളിക്കുന്നത്. ജനുവരി 18നാണ് ഈ മത്സരം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനായി ജനുവരി 23ന് ഇറങ്ങുന്ന ഇന്ത്യ ഈ കളിയില്‍ സിറിയയെ നേരിടും.
പ്രീ ക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍, സെമി ഫൈനല്‍ എന്നിങ്ങനെയാണ് ടൂര്‍ണമെന്‍റിലെ നോക്ക് ഔട്ട് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ജനുവരി 28 മുതല്‍ 31 വരെയാണ് പ്രീ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ നടക്കുന്നത്. ഫെബ്രുവരി 2,3 തീയതികളില്‍ ക്വാര്‍ട്ടറും 6,7 തീയതികളില്‍ സെമിയും നടക്കും. പത്തിന് രാത്രി ലുസൈല്‍ സ്റ്റേഡിയത്തില്‍ വച്ചാണ് ഫൈനല്‍.
Also Read : ചാമ്പ്യന്‍സ് 'ആ രഹാ..!', റയലിനെ നേരിടാന്‍ ബാഴ്‌സലോണ; സൂപ്പര്‍ കപ്പ് ഫൈനല്‍ 'കലക്കും'