Adelaide International 2022 WTA 500: സെമിയിൽ അടിപതറി സാനിയ മിർസ- നദിയ കിചെനോക്ക് സഖ്യം - അഡ്‌ലെയ്‌ഡ് ഇന്‍റർനാഷണൽ 2022 ഡബ്ല്യുടിഎ 500
ഓസ്‌ട്രേലിയയുടെ ആഷ്‌ലീ ബാർട്ടി- സ്റ്റോം സാൻഡേഴ്‌സ് സഖ്യത്തിനെതിരെ 2-1 നായിരുന്നു സാനിയ- നദിയ സഖ്യം പരാജയപ്പെട്ടത്
അഡ്‌ലെയ്‌ഡ്: അഡ്‌ലെയ്‌ഡ് ഇന്‍റർനാഷണൽ 2022 ഡബ്ല്യുടിഎ 500 വനിത ഡബിൾസ് സെമിഫൈനലിൽ നിന്ന് സാനിയ മിർസ- നദിയ കിചെനോക്ക് സഖ്യം പുറത്ത്. ഒരു മണിക്കൂർ അഞ്ച് മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തിൽ ഓസ്‌ട്രേലിയയുടെ ആഷ്‌ലീ ബാർട്ടി- സ്റ്റോം സാൻഡേഴ്‌സ് സഖ്യമാണ് ഇന്ത്യ-യുക്രെയ്‌ൻ ജോഡിയെ പരാജയപ്പെടുത്തിയത്. സ്കോർ 6-1, 2-6, 10-8.
ആദ്യ സെറ്റിൽ തകർപ്പൻ ഷോട്ടുകളിലൂടെ സാനിയ- നദിയ സഖ്യത്തെ നിഷ്‌പ്രഭമാക്കുന്ന രീതിയിലായിരുന്നു ഓസീസ് സഖ്യം മത്സരിച്ചത്. എന്നാൽ രണ്ടാം സെറ്റിൽ വൻ തിരിച്ചുവരവ് നടത്തിയ സാനിയ- നാദിയ സഖ്യം സെറ്റ് വിജയിച്ച് മത്സരം സമനിലയിലാക്കി.
എന്നാൽ വാശിയേറിയ അവസാന സെറ്റിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ഓസ്ട്രേലിയൻ സഖ്യം മത്സരം പിടിച്ചെടുക്കുകയായിരുന്നു. നേരത്തെ ക്വാർട്ടർ ഫൈനലിൽ ഷെൽബി റോജേഴ്‌സ്- ഹെതർ വാട്‌സണ്‍ സഖ്യത്തെ പരാജയപ്പെടുത്തിയാണ് സാനിയ- നാദിയ സഖ്യം സെമിയിലേക്ക് പ്രവേശിച്ചത്.
ALSO READ: BBL: ഹാട്രിക്കിൽ ഹാട്രിക്ക്; ബിഗ് ബാഷ് ലീഗിൽ ചരിത്രമെഴുതി ഇന്ത്യൻ വംശജനായ ഗുരീന്ദർ സന്ധു
അതേസമയം അഡ്‌ലെയ്‌ഡ് ഇന്‍റർനാഷണൽ 1 എടിപി 250 ടൂർണമെന്‍റിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ- രാംകുമാർ രാമനാഥ് സഖ്യം സെമിഫൈനലിൽ പ്രവേശിച്ചു. പുരുഷ ഡബിൾസ് ക്വാർട്ടർ ഫൈനലിൽ ഫ്രഞ്ച്-മൊണെഗാസ്‌ക് ടീമായ ബെഞ്ചമിൻ ബോൺസി-ഹ്യൂഗോ നിസ് സഖ്യത്തെ 6-1, 6-3 എന്ന സ്‌കോറിനാണ് ഇന്ത്യൻ സഖ്യം തകർത്തത്.
ശനിയാഴ്‌ച നടക്കുന്ന സെമിയിൽ നാലാം സീഡായ ബോസ്‌നിയൻ-മെക്‌സിക്കൻ ജോഡികളായ ടോമിസ്ലാവ് ബ്രിക്കിച്ച്-സാന്‍റിയാഗോ ഗോൺസാലസ് സഖ്യത്തെ ഇന്ത്യൻ സഖ്യം നേരിടും.