ലിയോണ്‍ (ഫ്രാന്‍സ്): സീരി എ ചാമ്പ്യന്മാരായ എസി മിലാന്‍റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് ശസ്ത്രക്രിയയ്‌ക്ക് വിധേയനായി. ലിയോണിലെ ആശുപത്രിയിൽ ഇബ്രാഹിമോവിച്ചിന്‍റെ ഇടതു കാൽമുട്ടിന് ശസ്ത്രക്രിയ നടത്തിയതായി എസി മിലാൻ അറിയിച്ചു. സ്വീഡിഷ് താരത്തിന്‍റെ ശസ്‌ത്രക്രിയ പൂര്‍ണ വിജയമായിരുന്നുവെന്നും ക്ലബ് വ്യക്തമാക്കി.
പൂര്‍ണമായും സുഖം പ്രാപിച്ച് കളക്കളത്തിലേത്ത് മടങ്ങിയെത്താന്‍ 40കാരനായ താരത്തിന് ഏഴ് മുതല്‍ എട്ട് വരെ മാസം വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. പരിക്ക് വലച്ചിരുന്നതിനാല്‍ സീസണില്‍ 23 സീരി എ മത്സരങ്ങൾ മാത്രമാണ് ഇബ്രാഹിമോവിച്ച് കളിച്ചത്. എട്ടു ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടി ടീമിന്‍റെ വിജയത്തിൽ നിർണായകമാവാനും താരത്തിനായി.
അതേസമയം ഇറ്റാലിയന്‍ സീരി എ കിരീടത്തിനായുള്ള 11 വര്‍ഷത്തെ കാത്തിരിപ്പാണ് ഇക്കുറി എസിമിലാന്‍ അവസാനിപ്പിച്ചത്. കിരീടപ്പോരാട്ടത്തില്‍ ഒപ്പമുണ്ടായിരുന്ന ചിരവൈരികളായ ഇന്‍റര്‍ മിലാനെ രണ്ട് പോയിന്‍റുകള്‍ക്ക് മറികടന്നാണ് സ്റ്റെഫാനോ പിയോലിയുടെ സംഘത്തിന്‍റെ നേട്ടം. 2010-11 സീസണിലാണ് എസി മിലാന്‍ ഇതിന് മുന്നെ സീരി എ കിരീടം നേടിയത്