ന്യൂഡല്‍ഹി: ഇന്ത്യ ടോക്കിയോയില്‍ മെഡല്‍ നേട്ടത്തിന്‍റെ കാര്യത്തില്‍ ലണ്ടന്‍ ഒളിമ്പിക്‌സിനെ മറികടക്കുമെന്ന് ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര. കാര്യങ്ങളെ യാഥാര്‍ത്ഥ്യ ബോധത്തോടെ നോക്കി കാണമെന്നും ബിന്ദ്ര പറഞ്ഞു. 2012ല്‍ നടന്ന ലണ്ടന്‍ ഒളിമ്പിക്സില്‍ ഇന്ത്യ ആറ് മെഡലുകള്‍ സ്വന്തമാക്കിയിരുന്നു.
വ്യക്തിഗത ഇനത്തില്‍ ഇന്ത്യക്ക് വേണ്ടി ഒളിമ്പിക്‌സില്‍ സ്വര്‍ണമെഡല്‍ സ്വന്തമാക്കിയത് അഭിനവ് ബിന്ദ്ര മാത്രമാണ്. 2008ലെ ബീജിങ് ഒളിമ്പിക്‌സില്‍ ഷൂട്ടിങ്ങിലാണ് ബിന്ദ്ര സ്വര്‍ണ മെഡല്‍ നേടിയത്. 2016ലെ റിയോ ഒളിമ്പിക്‌സിന് ശേഷം മത്സര രംഗത്ത് നിന്നും പിന്‍മാറിയ ബിന്ദ്ര വ്യാവസായിക മേഖലയിലാണ് ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. താന്‍ ഷൂട്ടിങ് രംഗത്തേക്ക് കടന്ന് വന്ന് 22 വര്‍ഷങ്ങള്‍ക്കിപ്പുറം വലിയ മാറ്റങ്ങളാണ് മേഖലയില്‍ ഉണ്ടായിരിക്കുന്നതെന്നും ബിന്ദ്ര കൂട്ടിച്ചേര്‍ത്തു.