ന്യൂഡല്‍ഹി: കഴിവുള്ള കായിക താരങ്ങളെ തെരഞ്ഞെടുത്തതിലെ സുതാര്യതയാണ് അടുത്തിടെ സമാപിച്ച ബിർമിങ്‌ഹാം കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയെ വിജയത്തിലെത്തിക്കാൻ സഹായിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 75-ാം സ്വാതന്ത്ര്യ വാര്‍ഷിക ദിനത്തില്‍ ചെങ്കോട്ടയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കായിക രംഗത്തെ പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും രാജ്യത്തെ ജനങ്ങളോട് അഭ്യർഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
"അടുത്തിടെ സമാപിച്ച കായിക ഇനങ്ങളിൽ നമ്മള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. നേരത്തെ പ്രതിഭകൾ ഇല്ലായിരുന്നു എന്നല്ല, സ്വജനപക്ഷപാതമില്ലാതെ, സുതാര്യമായ തെരഞ്ഞെടുപ്പാണ് ഇന്ത്യയെ മെഡലുകൾ നേടുന്നതിലേക്ക് നയിച്ചത്.
അന്താരാഷ്ട്ര കായിക മത്സരങ്ങളിലെ നമ്മളുടെ മികച്ച പ്രകടനങ്ങൾ ഇന്ത്യയുടെ തിളങ്ങുന്ന പ്രതിഭകളുടെ ഉദാഹരണമാണ്. അത്തരം പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും വേണം." പ്രധാനമന്ത്രി പറഞ്ഞു.
അടുത്ത 25 വർഷത്തെ തങ്ങളുടെ ജീവിതം രാജ്യത്തിന്‍റെ വികസനത്തിനായി സമർപ്പിക്കാൻ യുവാക്കളോട് അഭ്യർഥിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. "സ്വപ്‌നങ്ങൾ വലുതായിരിക്കുമ്പോൾ, കഠിനാധ്വാനവും ഒരുപോലെ ആയാസകരമാണ്.
സ്വതന്ത്ര ഇന്ത്യയെ സ്വപ്നം കണ്ട നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ നിശ്ചയദാർഢ്യത്തിൽ നിന്ന് നാം പ്രചോദിതരാകണം. അടുത്ത 25 വർഷം ജീവിതം രാജ്യത്തിന്‍റെ വികസനത്തിനായി സമർപ്പിക്കാൻ ഞാൻ യുവാക്കളോട് അഭ്യർഥിക്കുന്നു. മുഴുവൻ മനുഷ്യരാശിയുടെയും വികസനത്തിനായി നമ്മള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും. അതാണ് ഇന്ത്യയുടെ ശക്തി". പ്രധാനമന്ത്രി പറഞ്ഞു.
also read: അടുത്ത 25 വർഷം നിർണായകം, ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നുവെന്ന് പ്രധാനമന്ത്രി