കാസർകോട്: റിംഗ് ഷൂട്ട്‌ഔട്ടിൽ എഴുപതുകാരന്‍റെ മാസ്‌മരിക ഗോൾ വൈറലാകുന്നു. കാസർകോട് കരാട്ട് നടന്ന ഓണാഘോഷ പരിപാടിക്കിടെയാണ് കൈക്കളേട്ടന്‍റെ (കൈക്കളൻ) ശ്രദ്ധേയമായ ഗോളും, ആഹ്ളാദ പ്രകടനവും അരങ്ങേറിയത്. ഗോളിന് പിന്നാലെ നിലത്തുറയ്‌ക്കാതെ തുള്ളിച്ചാടുന്ന കൈക്കളേട്ടനൊപ്പം ചുറ്റും നിന്നവരും കൂടി ചേർന്നതോടെ സംഭവം കളറായി.
ഓണാഘോഷത്തിന്‍റെ ഭാഗമായി കാരാട്ട് ചലഞ്ചേഴ്‌സ് ക്ലബിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിപാടിക്കിടെയാണ് രസകരമായ സംഭവം. സൂപ്പർ ഗോളടിച്ച കൈക്കളേട്ടന് ക്ലബ് പ്രോത്സാഹന സമ്മാനം നൽകി. യുവാക്കൾ അടക്കം മത്സരത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ, കൈക്കളേട്ടന്‍റെ ആദ്യ പരിശ്രമം തന്നെ ഗോളായിമാറി. ഫുട്ബോളിന്‍റെ കടുത്ത ആരാധകനാണ് ഇദ്ദേഹം.