ടോക്കിയോ: പാരാലിമ്പിക്‌സില്‍ പങ്കെടുക്കുന്നതിന്‍റെ ഭാഗമായി അഫ്‌ഗാനിസ്ഥാന്‍റെ രണ്ടംഗ അത്‌ലറ്റിക് സംഘം ടോക്കിയോയിലെത്തി. ഇന്‍റര്‍നാഷണല്‍ പാരാലിമ്പിക് കമ്മറ്റി(ഐപിസി)യാണ് ഇക്കാര്യം അറിയിച്ചത്.
സകിയ ഖുദാദാദി, ഹുസൈൻ റസൂലി എന്നിവരടങ്ങിയ സംഘമാണ് ടോക്കിയോയിലെത്തിയത്. കാബൂളില്‍ നിന്നും പാരീസ് വഴിയാണ് സംഘം ജപ്പാനിലെത്തിയതെന്ന് ഐപിസി വ്യക്തമാക്കി.
2004 ലെ ഏഥന്‍സ് പരാലിമ്പിക്‌സിന് ശേഷം ഗെയിംസിനെത്തുന്ന അഫ്ഗാന്‍റെ ആദ്യ വനിത താരമാണ് സകിയ ഖുദാദാദി. വനിതകളുടെ 44-49 കിലോഗ്രാം ഭാരോദ്വഹനത്തിലാണ് ഖുദാദാദി മത്സരിക്കുക. ചൊവ്വാഴ്‌ചയാണ് ഈ മത്സരം നടക്കുക.
also read: പാരാലിമ്പിക്‌സ്: ഭവിന പട്ടേലിന് വെള്ളി; ടോക്കിയോയില്‍ ഇന്ത്യയ്‌ക്ക് ആദ്യ മെഡല്‍
പുരുഷന്മാരുടെ ടി47 വിഭാഗത്തില്‍ 400 മീറ്റര്‍ ഹീറ്റ്‌സിലാണ് ഹുസൈൻ റസൂലി മത്സരിക്കുക. അതേസമയം ഇരുവര്‍ക്കും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കാതിരിക്കാനുള്ള അനുമതി ഐപിസി നല്‍കിയിട്ടുണ്ട്.
പാരാലിമ്പിക് വില്ലേജിലെത്തിയ ഐപിസി പ്രസിഡന്‍റ് ആൻഡ്രൂ പാർസൺസ് ഇരുവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. താരങ്ങള്‍ ഗെയിംസിനെത്തില്ലെന്ന് 12 ദിവസങ്ങള്‍ക്ക് മുന്നെ ലഭിച്ച അറിയിപ്പ് സങ്കടപ്പെടുത്തുന്നതായിരുന്നുവെന്നും, തുടര്‍ന്ന് ഫ്രാന്‍സിന്‍റെ സഹായത്തോടെയാണ് ഇരുവരേയും ടോക്കിയോയിലെത്തിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു.