ടോക്കിയോ: ഒളിമ്പിക്‌സിന് മുന്നോടിയായി 10,000 വളണ്ടിയര്‍മാര്‍ പിന്‍വാങ്ങി. കൊവിഡ് പശ്ചാത്തലത്തിലാണ് ഗെയിംസിന് 50 ദിവസം മാത്രം ബാക്കിയുള്ളപ്പോള്‍ വളണ്ടിയര്‍മാരുടെ പിന്‍മാറ്റം. നേരത്തെ പരിശീലനം പൂര്‍ത്തിയാക്കിയ 80,000 വളണ്ടിയര്‍മാരില്‍ നിന്നും വലിയൊരു സംഘമാണിപ്പോള്‍ പിന്‍മാറിയിരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം മാറ്റിവെച്ച ഒളിമ്പിക്‌സാണ് ഈ വര്‍ഷം ടോക്കിയോയില്‍ നടക്കാനിരിക്കുന്നത്. ജൂലൈ 23 മുതല്‍ ഓഗസ്റ്റ് എട്ട് വരെയാണ് ഗെയിംസ്.
അതേസമയം വളണ്ടിയര്‍മാരുടെ പിന്‍മാറ്റത്തിന് പിന്നില്‍ മറ്റ് കാരണങ്ങളുണ്ടെന്നും ഒളിമ്പിക് സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു. ഗെയിംസ് തലവന്‍ യോഷിറോ മോറിയുടെ സ്‌ത്രീ വിരുദ്ധ പരാമര്‍ശവും കൊവിഡിനെ തുടര്‍ന്ന് ഗെയിംസ് പുനക്രമീകരിച്ചതും വളണ്ടിയര്‍മാരുടെ പിന്‍മാറ്റത്തിന് ഇടയാക്കിയിട്ടുണ്ടെന്ന നിഗമനത്തിലാണ് അധികൃതര്‍.
also read: ലോകകപ്പ് യോഗ്യത; ഇന്ത്യ വീണ്ടും ബൂട്ടുകെട്ടുന്നു
"യോഗങ്ങളില്‍ സ്‌ത്രീകള്‍ ആവശ്യത്തിലധികം സംസാരിക്കുന്നു" എന്ന പ്രസ്ഥാവനയാണ് മോറിക്ക് വിനയായത്. സ്‌ത്രീ വിരുദ്ധ പ്രസ്ഥാവനക്കെതിരെ പ്രതിഷേധം കനത്തതോടെ ഒളിമ്പിക് തലവന് സ്ഥാനം രാജിവെക്കേണ്ടിവന്നു. ജൂലൈ മുതല്‍ ഒളിമ്പിക്സ് നടത്തുകയാണ് പ്രധാനമെന്ന നിലപാട് സ്വീകരിച്ച ശേഷം അതിന് തന്‍റെ സാന്നിധ്യം തടസമാകരുതെന്ന് വ്യക്തമാക്കിയ ശേഷമാണ് യോഷിറോ മോറി രാജിവെച്ചത്.