ബെംഗളൂരു: ഇന്ത്യൻ പുരുഷ ഹോക്കി ടീം ഗോൾകീപ്പർ പിആര്‍ ശ്രീജേഷിന് വേള്‍ഡ് ഗെയിംസ് അത്‌ലറ്റ് ഓഫ് ദി ഇയർ (2021) അവാർഡിന് നാമനിർദേശം. ഇന്‍റര്‍നാഷണല്‍ ഹോക്കി ഫെഡറേഷനാണ് (എഫ്‌ഐഎച്ച്) താരത്തെ നാമനിര്‍ദേശം ചെയ്‌തത്.
41 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഇന്ത്യയ്‌ക്ക് വീണ്ടും ഒളിമ്പിക് മെഡല്‍ നേടുന്നതില്‍ നിര്‍ണായകമായ താരമാണ് പിആര്‍ ശ്രീജേഷ്. നേരത്തെ എഫ്‌ഐഎച്ച് ഗോൾകീപ്പർ ഓഫ് ദി ഇയർ അവാർഡിന് താരം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കൂടാതെ മേജർ ധ്യാൻചന്ദ് ഖേൽ രത്‌ന പുരസ്‌കാരത്തിനും ശ്രീജേഷ് അര്‍ഹനായി.
നാമനിർദേശം ചെയ്യപ്പെട്ടതിൽ അഭിമാനിക്കുന്നതായും, ഇത് ടീമിന് വേണ്ടിയുള്ളതാണെന്നും ശ്രീജേഷ് പറഞ്ഞു. ടീമിന്‍റെ കഠിനാധ്വാനം കൊണ്ടാണ് നമ്മൾ ലോകമെമ്പാടും അംഗീകരിക്കപ്പെടുന്നത്. ഹോക്കി ഇന്ത്യയുടെ പൂര്‍ണ പിന്തുണയാണ് എല്ലാ നേട്ടങ്ങള്‍ക്കും പിന്നില്‍. അവാർഡിന് അർഹനായ വിജയിയെ തിരഞ്ഞെടുക്കേണ്ടത് ഇനി ആരാധകരാണെന്നും ശ്രീജേഷ് കൂട്ടിച്ചേര്‍ത്തു.
also read: ഐസിസി ടെസ്റ്റ് റാങ്കിങ്: ആദ്യ 10ല്‍ തിരിച്ചെത്തി ബുംറ; 18 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി രാഹുല്‍
17 രാജ്യങ്ങളിൽ നിന്നുമായി 24 അത്‌ലറ്റുകളെയാണ് വിവിധ അന്താരാഷ്ട്ര ഫെഡറേഷനുകൾ ശുപാർശ ചെയ്തിട്ടുള്ളത്. 2019ല്‍ പുരസ്‌ക്കാരം ലഭിച്ച ഇന്ത്യന്‍ വനിത ഹോക്കി ടീം ക്യാപ്റ്റന്‍ റാണി റാംപാലാണ് നേട്ടത്തിന് അര്‍ഹയാവുന്ന ആദ്യ ഇന്ത്യന്‍ അത്‌ലറ്റ്. 1,99,477 വോട്ടുകള്‍ നേടിയാണ് താരം പുരസ്‌ക്കാരത്തിന് അര്‍ഹയായത്.