ന്യൂഡല്‍ഹി: ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. പുതിയ പരിശീലകൻ ഗ്രഹാം റെയ്ഡിന്‍റെ കീഴില്‍ മൻപ്രീത് സിംഗാണ് ടീമിനെ നയിക്കുന്നത്. മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷ് ടീമില്‍ ഇടംനേടി.
സുല്‍ത്താൻ അസ്ലൻ ഷാ കപ്പില്‍ വെള്ളി മെഡലോടെയാണ് ഇന്ത്യ ഈ സീസൺ ആരംഭിച്ചത്. കൊറിയ, ജപ്പാൻ, കാനഡ ഉൾപ്പെടെയുള്ള ടീമുകൾക്കെതിരെ യുവതാരനിരയെയാണ് ഇന്ത്യ പരീക്ഷിച്ചത്. പരിചയസമ്പന്നരായ താരങ്ങൾക്കൊപ്പം യുവനിരയ്ക്ക് കൂടി അവസരം നല്‍കാനാണ് ഇന്ത്യ ഓസ്ട്രേലിയയിലും ശ്രമിക്കുന്നത്. മലയാളി താരമായ പി ആർ ശ്രീജേഷും കൃഷ്ണൻ ബി പതകുമാണ് നാല് മത്സരങ്ങളുള്ള പര്യടനത്തിലെ ഗോൾകീപ്പർമാർ. പരിചയസമ്പന്നനായ ഡ്രാഗ് ഫ്ലിക്കർ രൂപിന്ദർ സിംഗ് ടീമില്‍ തിരിച്ചെത്തി. എട്ട് മാസങ്ങൾക്ക് ശേഷമാണ് താരത്തിന് അവസരം നല്‍കുന്നത്. സുരേന്ദർ കുമാർ, ഹർമൻപ്രീത് സിംഗ്, ബീരേന്ദർ ലക്ര, ഗുരീന്ദർ സിംഗ്, കൊത്തജിത്ത് സിംഗ് എന്നിവരാണ് പ്രതിരോധ നിരയിലെ മറ്റ് താരങ്ങൾ.
മധ്യനിരയില്‍ ഹർദ്ദിക് സിംഗ്, മൻപ്രീത് സിംഗ്, വിവേക് സാഗർ പ്രസാദ്, നീലകണ്ഠ ശർമ്മ എന്നിവരോടൊപ്പം പുതുമുഖ താരം ജാസ്കരൻ സിംഗും ഇടംനേടി. വിശ്രമത്തിന് ശേഷം ടീമില്‍ തിരിച്ചെത്തിയ ആകാശ് ദീപ് സിംഗ്, അർമാൻ ഖുറേഷി, മൻദീപ് സിംഗ്, സുമിത് കുമാർ ജൂനിയർ, ഗുരുസാഹിബ് ജിത്ത് സിംഗ് എന്നിവരാണ് മുൻനിര താരങ്ങൾ.