കേരള ബ്ലാസ്റ്റേഴ്സ് മധ്യനിര താരം സക്കീർ മുണ്ടംപാറക്കെതിരായ ശിക്ഷാനടപടിയില്‍ എഐഎഫ്എഫ്ഇളവ് വരുത്തി. റഫറിക്കെതിരെ പന്തെടുത്തെറിഞ്ഞ സക്കീറിനെ ആറ് മാസത്തേക്കാണ് വിലക്കിയത്. കഴിഞ്ഞ ദിവസം ചേർന്ന അച്ചടക്കസമതി ആറ് മാസം വിലക്കെന്നത് ആറ് മത്സരങ്ങളിലാക്കിചുരുക്കി.
കേരള ബ്ലാസ്റ്റേഴ്സിന് ഏറെ ആശ്വാസം നല്‍കുന്നതാണ് തീരുമാനം. ഇതോടെ ഈ മാസം ആരംഭിക്കുന്ന ഹീറോ സൂപ്പർ കപ്പില്‍ സക്കീറിന് കളിക്കാനാകും. മധ്യനിരയിലെ സക്കീറിന്‍റെ പ്രകടനം സൂപ്പർ കപ്പില്‍ ബ്ലാസ്റ്റേഴ്സിന് നിർണായകമാകുമെന്നത് ഉറപ്പാണ്.
2018 ഡിസംബർ 16ന് മുംബൈ സിറ്റിക്കെതിരായ മത്സരത്തിലായിരുന്നു സക്കീറിനെ വിലക്കിലേക്ക് നയിച്ച വിവാദ സംഭവം അരങ്ങേറിയത്. മത്സരത്തിനിടെ റാഫേല്‍ ബാസ്റ്റോസിനെ ഫൗൾ ചെയ്ത സക്കീറിന് റഫറി രണ്ടാം മഞ്ഞകാർഡും ചുവപ്പ് കാർഡും നല്‍കി. ഇതില്‍ ക്ഷുഭിതനായ സക്കീർ റഫറി ഉമേഷ് ബോറയുടെ മുഖത്തേക്ക് പന്തെറിയുകയായിരുന്നു. സംഭവത്തിന് ശേഷം ബ്ലാസ്റ്റേഴ്സ് കളിച്ച ആറ് മത്സരങ്ങളിലും ബൂട്ടണിയാൻ സക്കീറിന് കഴിഞ്ഞിരുന്നില്ല. ഇതോടെ ആറ് മത്സരങ്ങൾ എന്ന കടമ്പ സക്കീർ മറികടന്നു. സൂപ്പർ കപ്പിന്‍റെ യോഗ്യതാ മത്സരത്തിലും സക്കീറിന് കളിക്കാമെന്ന് എഐഎഫ്എഫ് അറിയിച്ചു. മാർച്ച് 15 മുതലാണ് സൂപ്പർ കപ്പ് ആരംഭിക്കുന്നത്.