സ്പാനിഷ് ഫുട്ബോൾ താരം സാവിയുടെ പ്രവചനത്തില്‍ ഞെട്ടിയിരിക്കുകയാണ് ഫുട്ബോൾ ലോകം. ഏഷ്യൻ കപ്പിന്‍റെ ഫൈനലില്‍ ജപ്പാനും ഖത്തറും ഏറ്റുമുട്ടുമെന്നും ഖത്തർ ആദ്യമായി കിരീടം ചൂടുമെന്നും സാവി പ്രവചിച്ചിരുന്നു.
ഏഷ്യൻ കപ്പ് ആരംഭിക്കുന്നതിന് ഒരു മാസം മുമ്പ് ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് സാവി ഏഷ്യൻ കപ്പിന്‍റെ ഫലം പ്രവചിച്ചത്. എന്നാല്‍ താരത്തിന്‍റെ പ്രവചനത്തെ പരിഹാസത്തോടെയാണ് പലരും സ്വീകരിച്ചത്. സാവി ഖത്തർ ക്ലബില്‍ കളിക്കുന്നത് കൊണ്ടാണ് ഖത്തറിന് അനുകൂലമായി പറഞ്ഞത് എന്നായിരുന്നു പ്രധാന പരിഹാസം.
എന്നാല്‍ സാവി പറഞ്ഞത് പോലെ തന്നെയാണ് ഫൈനലില്‍ സംഭവിച്ചത്. ഏഷ്യൻ ശക്തികളായ ജപ്പാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഖത്തർ കീഴടക്കി. ചരിത്രത്തിലാദ്യമായാണ് ഖത്തർ ഏഷ്യൻ കപ്പ് സ്വന്തമാക്കുന്നത്. ഇതോടെ സാവിയെ അഭിനന്ദിച്ച് ഖത്തർ പരിശീലകനും ആരാധകരും രംഗത്തെത്തി. സാവിയോട് ചോദിച്ച് ഖത്തർ ഫുട്ബോളിന്‍റെ ഭാവിയെ കുറിച്ച് തനിക്ക് അറിയണമെന്ന് പരിശീലകൻ സാഞ്ചസ് തമാശ രൂപേണ പറഞ്ഞു. ഗ്രൂപ്പ് ഘട്ടം മുതലുള്ള സാവിയുടെ പ്രവചനങ്ങൾ സത്യമായി. ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു അത്ഭുതവും കാണിക്കില്ലെന്നും ഗ്രൂപ്പില്‍ നാലാം സ്ഥാനത്തായിരിക്കും എത്തുകയെന്നും സാവി പ്രവചിച്ചിരുന്നു.
സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണയുമായുള്ള ദീർഘകാലത്തെ ബന്ധം അവസാനിപ്പിച്ച സാവി നിലവില്‍ ഖത്തർ ക്ലബായ അല്‍ സാദിന് വേണ്ടിയാണ് കളിക്കുന്നത്. ബാഴ്സക്ക് വേണ്ടി 505 മത്സരങ്ങൾ കളിച്ച താരം 58 ഗോളുകളും നേടിയിട്ടുണ്ട്.