ദോഹ : ബംഗ്ലാദേശിനെതിരായ ലോകകപ്പ് യോഗ്യത റൗണ്ടില്‍ ടീം ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ദോഹയില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബംഗ്ലാദേശിനെ ടീം ഇന്ത്യ പരാജയപ്പെടുത്തിയത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം നായകന്‍ സുനില്‍ ഛേത്രി ഇരട്ട ഗോളുകള്‍ സ്വന്തമാക്കി.
പകരക്കാരനായി ഇറങ്ങിയ ആഷിക് കരുണിയന്‍ വലത് വിങ്ങില്‍ നിന്നും തൊടുത്ത ലോങ് പാസിലൂടെയാണ് ഛേത്രിയുടെ ആദ്യ ഗോള്‍ കണ്ടെത്തിയത്. തകര്‍പ്പന്‍ ഹെഡറിലൂടെ ഇന്ത്യന്‍ നായകന്‍ പന്ത് വലയിലെത്തിച്ചു. ആദ്യ പകുതിയുടെ 46-ാം മിനിട്ടില്‍ ബിബിന്‍ സിങ്ങിന് പകരക്കാരനായാണ് ആഷിക് കരുണിയന്‍ കളത്തിലെത്തിയത്. മത്സരത്തില്‍ ഉടനീളം അഞ്ച് മാറ്റങ്ങളാണ് ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് വരുത്തിയത്.
അധികസമയത്ത് ഇന്ത്യക്ക് വേണ്ടി ഛേത്രി വീണ്ടും ഗോളടിച്ചു. ഇഞ്ച്വറി ടൈമില്‍ സുരേഷ് സിങ്ങിന്‍റെ ലോ ക്രോസിലൂടെയാണ് ഛേത്രി പന്ത് വലയിലെത്തിച്ചത്. ബോക്‌സിനുള്ളില്‍ പന്ത് ലഭിച്ച ഛേത്രി തൊടുത്ത ഷോട്ട് ഗോള്‍ വലക്കുള്ളില്‍ വലത് ടോപ്പ് കോര്‍ണറിലാണ് ചെന്ന് പതിച്ചത്. ജയത്തോടെ യോഗ്യത പോരാട്ടത്തില്‍ മൂന്ന് പോയിന്‍റുകള്‍ ഉറപ്പാക്കിയ ടീം ഇന്ത്യ ഏഷ്യ കപ്പ് യോഗ്യത പ്രതീക്ഷകള്‍ സജീവമാക്കി.
അഫ്‌ഗാനിസ്ഥാന് എതിരെ ഈ മാസം 15നാണ് ഗ്രൂപ്പ് ഇയിലെ ഇന്ത്യയുടെ അവസാന മത്സരം. ഗ്രൂപ്പില്‍ മൂന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്‌താല്‍ ഇന്ത്യക്ക് ഏഷ്യ കപ്പ് യോഗ്യത സ്വന്തമാക്കാം. കഴിഞ്ഞ ദിവസം നടന്ന മറ്റൊരു മത്സരത്തില്‍ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ഖത്തര്‍ ഇന്ത്യയെ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയിരുന്നു.