മാഞ്ചസ്റ്റർ യുണൈറ്റഡ് നായകൻ അന്‍റോണിയോ വലൻസിയ സീസൺ അവസാനത്തോടെ ക്ലബ് വിടുമെന്ന് വ്യക്തമാക്കി പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യർ. ഇക്വഡോർ താരമായ വലൻസിയയുമായി പുതിയ കരാറിലെത്താൻ യുണൈറ്റഡിനായില്ലെന്നും അതുകൊണ്ട് ഈ സീസൺ അവസാനം താരം ക്ലബ് വിടുമെന്നും സോൾഷ്യർ അറിയിച്ചു.
മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ സീനിയർ താരമായ വലൻസിയ പത്ത് സീസണുകൾക്ക് ശേഷമാണ് ക്ലബ് വിടുന്നത്. അവസാന രണ്ട് സീസണുകളില്‍ പരിക്കും ഫോമില്ലായ്മയുമായി നിന്നിരുന്ന താരത്തെ മുൻ പരിശീലകൻ മൗറീനോയാണ് നായകനായി നിയമിച്ചത്. മൗറീനോയുടെ കീഴില്‍ യുണൈറ്റഡിലെ ആദ്യ സീസണില്‍ വലൻസിയ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. പിന്നീട് സോൾഷ്യർ എത്തിയതിന് ശേഷം പരിക്കേറ്റ വലൻസിയ പിറകിലേക്ക് പോകുകയും ആഷ്ലി യംഗിനെ ടീമിലെ റൈറ്റ് ബാക്കായി മാറ്റുകയും ചെയ്തു.
വലൻസിയക്ക് പകരക്കാരനായി യുവതാരം ഡാലോട്ടിനുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിന്‍റെ ആദ്യം കരാറിലെത്തിയിരുന്നു. 2009 ല്‍ വിഗാൻ അത്ലെറ്റിക്കില്‍ നിന്നാണ് വലൻസിയ യുണൈറ്റഡിലെത്തുന്നത്. സർ അലക്സ് ഫെർഗൂസന്‍റെ കീഴില്‍ ക്ലബിനൊപ്പം രണ്ട് പ്രീമിയർ ലീഗ് കിരീടനേട്ടങ്ങളിലും വലൻസിയ പങ്കാളിയായിട്ടുണ്ട്. ആദ്യം വിങ്ങറായി കളിച്ചെങ്കിലും പിന്നീട് യുണൈറ്റഡിന്‍റെസ്ഥിരം റൈറ്റ് ബാക്കായി വലന്‍സിയ മാറുകയായിരുന്നു.