ലണ്ടന്‍: പ്രീമിയര്‍ ലീഗ് കിരീടത്തില്‍ വീണ്ടും മുത്തമിടാന്‍ തയ്യറെടുക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി മറ്റൊരു കലാശപ്പോരിന് ഒരുങ്ങുകയാണ്. ഞായറാഴ്‌ച നടക്കുന്ന കറബാവോ കപ്പിന്‍റെ കലാശപ്പോരില്‍ നിലവിലെ ചാമ്പ്യന്‍മാരായ സിറ്റിയും ടോട്ടന്‍ഹാമും നേര്‍ക്കുനേര്‍ വരും. വിംബ്ലി സ്റ്റേഡിയത്തില്‍ രാത്രി ഒമ്പതിനാണ് ഫൈനല്‍ പോരാട്ടം. സ്‌പാനിഷ് പരിശീലകന്‍ പെപ്പ് ഗാര്‍ഡിയോളക്ക് കീഴില്‍ സീസണില്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുകയാണ് സിറ്റി. പരിക്ക് ഉള്‍പ്പെടെ സിറ്റിക്ക് ആശങ്ക ഉയര്‍ത്തുന്നില്ല.
നേരത്തെ എഫ്‌എ കപ്പിന്‍റെ സെമി പോരാട്ടത്തില്‍ ചെല്‍സിക്ക് മുന്നില്‍ കാലിടറിയത് സിറ്റിക്ക് ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. ഗാര്‍ഡിയോളയുടെ ശിഷ്യന്‍മാര്‍ മറുപടിയില്ലാത്ത ഒരു ഗോളിനാണ് അന്ന് അപ്രതീക്ഷിതമായി പരാജയപ്പെട്ടത്. ഇത്തവണ ഏതായാലും സിറ്റി കരുതി കളിക്കും. യൂറോപ്യന്‍ സൂപ്പര്‍ ലീഗ് ഉള്‍പ്പെടെ അനാവശ്യ വിവാദങ്ങള്‍ തോളിലേറ്റിയ സിറ്റി കപ്പടിച്ച് ആരാധകരെ തൃപ്‌തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ്. തുടര്‍ച്ചയായി മൂന്ന് സീസണുകളില്‍ കപ്പടിച്ച സിറ്റി ഇത്തവണയും നേട്ടം ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ്.
മറുഭാഗത്ത് ഇടക്കാല പരിശീലകന് കീഴില്‍ സീസണില്‍ ആദ്യത്തെ ഫൈനല്‍ പോരാട്ടത്തിന് ഒരുങ്ങുകയാണ് ടോട്ടന്‍ഹാം. പോര്‍ച്ചുഗീസ് പരിശീലകന്‍ ഹോസെ മൗറിന്യോക്ക് പകരം റിയാന്‍ മേസണാണ് ടോട്ടന്‍ഹാമിനെ ഇപ്പോള്‍ കളി പഠിപ്പിക്കുന്നത്. ഇംഗ്ലീഷ് ഫോര്‍വേഡ് ഹാരി കെയിന്‍ പരിക്കേറ്റ് പുറത്തിരിക്കുന്നത് ടോട്ടന്‍ഹാമിന് തിരിച്ചടിയാണ്. ഹാരികെയിന്‍റെ അഭാവത്തില്‍ സണ്‍ ഹ്യൂമിനും ഗാരത് ബെയിലും ടോട്ടന്‍ഹാമിനെ മുന്നില്‍ നിന്നും നയിക്കും.