മാഡ്രിഡ്: റയല്‍ മാഡ്രിഡ് വിടാൻ ആഗ്രഹിക്കുന്ന വെയ്‌ല്‍സ് സൂപ്പർ താരം ഗരെത് ബെയ്‌ലിനെ തിരിച്ചുപിടിക്കാൻ ഒരുങ്ങി പ്രീമിയർ ലീഗ് വമ്പൻമാരായ ടോട്ടനം ഹോസ്‌പർ. ടോട്ടനം ചെയർമാൻ ഡാനിയേല്‍ ലെവി നേരിട്ടാണ് കഴിഞ്ഞ ദിവസം ബെയ്‌ലിനെ തിരിച്ചുകൊണ്ടുവരാനുള്ള ചർച്ചകൾക്ക് നേതൃത്വം വഹിച്ചത്. ബെയ്‌ല്‍, മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുമെന്ന ചർച്ചകൾക്കിടെയാണ് അപ്രതീക്ഷിത നീക്കവുമായി ടോട്ടനം എത്തിയത്. 2013ല്‍ അന്നത്തെ റെക്കോഡ് തുകയായ 85.3 മില്യൺ പൗണ്ടിനാണ് ബെയ്‌ല്‍ ടോട്ടനത്തില്‍ നിന്ന് റയല്‍ മാഡ്രിഡിലേക്ക് പോയത്. ബെയ്‌ല്‍ തിരിച്ചുവരുന്നത് സംബന്ധിച്ച സൂചനകൾ നല്‍കിയത്, അദ്ദേഹത്തിന്‍റെ മാനേജർ തന്നെയാണ്. " ഗരെത് ഇപ്പോഴും ടോട്ടനത്തെ സ്നേഹിക്കുന്നു. അയാൾക്ക് ആവശ്യമുള്ളതും ഇതാണ്. " എന്നാണ് ബെയ്‌ലിന്‍റെ മാനേജർ ജൊനാതൻ ബാർനെറ്റ് പറഞ്ഞത്. ലോൺ അടിസ്ഥാനത്തില്‍ അല്ലെങ്കില്‍ സ്ഥിരമായി ബെയ്‌ലിനെ ടീമിലെത്തിക്കാനാണ് ടോട്ടനം ശ്രമിക്കുന്നത്.
2007 മുതല്‍ 2013 വരെ ടോട്ടൻഹാമില്‍ 203 മത്സരങ്ങൾ കളിച്ച ഗരെത് ബെയ്‌ല്‍ 56 ഗോളുകൾ നേടി. 31കാരനായ ബെയ്‌ലിനെ ടീമിലെത്തിക്കാൻ ടോട്ടനത്തിന്‍റെ പരിശീലകനായ ഹൊസെ മൗറീന്യോയ്ക്കും താല്‍പര്യമുണ്ട്. ബെയ്‌ലിനെ ടീമിലെത്തിച്ചാല്‍ പകരം ഡെലെ അലിയെ നല്‍കാനും ടോട്ടനത്തിന് പദ്ധതിയുണ്ട്. അതോടൊപ്പം സെർജിയോ റിഗുലിയണിനെ ടീമിലെത്തിക്കാനും ടോട്ടനം ശ്രമിക്കുന്നുണ്ട്. അതേസമയം, ബെയ്‌ല്‍ ടോട്ടനത്തിലേക്ക് പോയാല്‍ അത് ഏറ്റവുമധികം തിരിച്ചടിയാകുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിനാകും. മാഞ്ചസ്റ്റർ ടീമിലെത്തിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ജോഡാൻ സാഞ്ചോയ്ക്ക് പകരം ബെയ്‌ലിനെ റാഞ്ചാനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആഗ്രഹിച്ചിരുന്നത്. ആ പ്രതീക്ഷയ്ക്ക് മങ്ങലേറ്റ സ്ഥിതിക്ക് ഡഗ്ലസ് കോസ്റ്റ, കിംഗ്‌സ്‌ലി കോമാൻ എന്നിവരില്‍ ഒരാളെ ടീമിലെത്തിക്കാനാകും മാഞ്ചസ്റ്ററിന്‍റെ ശ്രമം.