ന്യൂഡല്‍ഹി: പാലക്കാട് ഗർഭിണിയായ ആനക്ക് ദാരുണാന്ത്യം സംഭവിച്ചതില്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ദേശീയ ഫുട്‌ബോൾ ടീം നായകന്‍ സുനില്‍ ഛേത്രി. ട്വീറ്റിലൂടെയാണ് ഛേത്രിയുടെ പ്രതികരണം.
സംഭവത്തില്‍ രൂക്ഷ പ്രതികരണമാണ് ഛേത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. അവൾ ഗർഭിണിയായിരുന്നു. നിരുപദ്രവകാരിയും ഛേത്രി കുറിച്ചു. ആരായാലും എന്തിന് വേണ്ടി ആയാലും അത് ചെയ്‌തവർ രാക്ഷസന്‍മാരാണ് അവർ വലിയ വില കൊടുക്കേണ്ടി വരും. നാം നിരന്തരം പ്രകൃതിയെ തോല്‍പിച്ച് കൊണ്ടിരിക്കുകയാണ് എന്നും ഛേത്രി ട്വീറ്റ് ചെയ്തു.
സൈലന്‍റ് വാലി അതിർത്തിയിലെ വെള്ളിയാറില്‍ ആനയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്. സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ആനയുടെ വായ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. ഭക്ഷണമോ വെള്ളമോ കഴിക്കാന്‍ കഴിയാതെ ദിവസങ്ങളോളം പട്ടിണി കിടന്നാണ് ആന ചരിഞ്ഞത്. സംഭവത്തില്‍ രൂക്ഷ പ്രതികരണമാണ് സോഷ്യല്‍മീഡിയയിലും നിറയുന്നത്. ക്രക്കറ്റ് താരങ്ങളായ വിരാട് കോലി, രോഹിത് ശർമ, ഹർഭജന്‍ സിങ്, സുരേഷ് റെയ്‌ന ഒളിമ്പിക് ഷൂട്ടിങ് താരം ഹീനാ സിദ്ധു തുടങ്ങിയവരും പ്രതികരണവുമായി രംഗത്ത് വന്നിരുന്നു.