ലിവര്‍പൂള്‍: ആന്‍ഫീല്‍ഡില്‍ കളി പഠിപ്പിക്കാന്‍ തുടങ്ങി അഞ്ച് വര്‍ഷത്തിന് ശേഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയപ്പോള്‍ ജര്‍മന്‍ പരിശീലകന്‍ യൂര്‍ഗന്‍ ക്ലോപ്പിന് പറയാന്‍ വാക്കുകളില്ല. ആരാധകരുടെ ആഹ്‌ളാദാരവങ്ങള്‍ക്ക് നടുവില്‍ ആനന്ദക്കണ്ണീര്‍ പൊഴിക്കുകയാണ് ക്ലോപ്പ്. കിരീടധാരണം ഇത്ര വികാരനിര്‍ഭരമാകുമെന്ന് കരുതിയില്ല. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലിവര്‍പൂളിന്‍റെ ഔദ്യോഗിക സൈറ്റിലൂടെയാണ് പ്രതികരണം.
മൂന്ന് പതിറ്റാണ്ടിലെ കാത്തിരിപ്പിനൊടുവിലാണ് ചെമ്പട ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുത്തമിടുന്നത്. പുലര്‍ച്ചെ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ചെല്‍സിക്ക് എതിരായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെട്ടതോടെയാണ് കൈയ്യെത്തും ദൂരത്തെത്തിയ കിരീടം ലീവര്‍പൂള്‍ ഉറപ്പിച്ചത്. നേരത്തെ ക്രിസ്റ്റല്‍ പാലസിനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ചെമ്പടക്ക് സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലെ മത്സരത്തിന്‍റെ ഫലം കാത്തിരിക്കുക മാത്രമെ വേണ്ടി വന്നുള്ളൂ. കൊവിഡ് 19-നെ തുടര്‍ന്ന് മാര്‍ച്ചില്‍ ഇപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവെച്ചത് കാരണം ലിവര്‍പൂളിന്‍റെ കിരീടമോഹങ്ങള്‍ കുറച്ച് കാലത്തേക്കെങ്കിലും അനിശ്ചിതത്വത്തിലായിരുന്നു. ഈ ആശങ്കകള്‍ക്കാണ് ഇപ്പോള്‍ മനോഹരമായ പര്യവസാനം ഉണ്ടായിരിക്കുന്നത്.