മാലിദ്വീപ്: അന്താരാഷ്ട്ര ഫുട്‌ബോളിലെ ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ ബ്രസീല്‍ ഇതിഹാസം പെലെയെ മറികടന്ന് ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി. സാഫ് കപ്പില്‍ മാലിദ്വീപിനെതിരെ ഇരട്ട ഗോള്‍ നേട്ടത്തോടെയാണ് ഛേത്രി പെലെയെ മറികടന്നത്.
62, 71 മിനിറ്റുകളിലായിരുന്നു ഇന്ത്യന്‍ നായകന്‍ ലക്ഷ്യം കണ്ടത്. ഇതോടെ 37കാരനായ താരത്തിന്‍റെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 79 ആയി. ബ്രസീലിനായി 77 ഗോളുകളാണ് പെലെ നേടിയിട്ടുള്ളത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനത്താണ് ഛേത്രിയിപ്പോള്‍.
നിലവില്‍ കളിച്ചുകൊണ്ടിരിക്കുന്ന താരങ്ങളില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (115 ഗോളുകള്‍), ലയണല്‍ മെസി (80 ഗോളുകള്‍) എന്നിവര്‍ മാത്രമാണ് ഛേത്രിക്ക് മുന്നിലുള്ളത്.
also read: രാഹുല്‍ ദ്രാവിഡിനെ സമീപിക്കാന്‍ ബിസിസിഐ ; ഇടക്കാല പരിശീലകനായേക്കും
അതേസമയം മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് വിജയം പിടിച്ച ഇന്ത്യന്‍ സംഘം ടൂര്‍ണമെന്‍റിന്‍റെ ഫൈനലിന് യോഗ്യത നേടി. 33ാം മിനിറ്റില്‍ മന്‍വീര്‍ സിങ്ങാണ് ഇന്ത്യയ്‌ക്കായി ആദ്യം ലക്ഷ്യം കണ്ടത്.
തുടര്‍ന്ന് 45ാം മിനfട്ടില്‍ അലി അഷ്‌ഫാഖിലൂടെ മാലിദ്വീപ് ഒപ്പം പിടിച്ചെങ്കിലും ഛേത്രിയുടെ ഇരട്ടഗോള്‍ നേട്ടത്തിലൂടെ ഇന്ത്യ മത്സരം സ്വന്തമാക്കി. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ നേപ്പാളാണ് ഇന്ത്യയുടെ എതിരാളി.