റോം: കൊവിഡ് 19ന് ശേഷം സീരി എയില്‍ തുടര്‍ച്ചയായി യുവന്‍റസിനായി ബൂട്ടുകെട്ടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് സീസണിലെ അവസാന മത്സരത്തില്‍ വിശ്രമം അനുവദിച്ചേക്കും. ഞായറാഴ്‌ച പുലര്‍ച്ചെ ഹോം ഗ്രൗണ്ടില്‍ റോമയുമായാണ് മത്സരം.
തുടര്‍ച്ചായി ഒമ്പതാം തവണയും യുവന്‍റസ് കിരീടം ഉറപ്പാക്കിയ സാഹചര്യത്തിലാണ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരത്തിന് വിശ്രമം അനുവദിക്കാന്‍ പരിശീലകന്‍ മൗറിസിയോ സാരി തീരുമാനിച്ചതെന്നാണ് സൂചന. ഓഗസ്റ്റ് എട്ടാം തീയതി ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ മത്സരം നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഈ നീക്കം. ചാമ്പ്യൻസ് ലീഗില്‍ ലിയോണാണ് യുവെയുടെ എതിരാളികള്‍. നേരത്ത ആദ്യ പാദ പ്രീ ക്വാര്‍ട്ടറില്‍ ലിയോണ്‍ ഏകപക്ഷീയമായ ഒരു ഗോളിന് യുവന്‍റസിനെ പരാജയപ്പെടുത്തിയിരുന്നു.
സാംപ്ഡോറിയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതോടെയാണ് യുവന്‍റസ് സീരി എയില്‍ കിരീടം നിലനിര്‍ത്തിയത്. സാംപ്‌ഡോറിക്കെതിരായ മത്സരത്തില്‍ യുവന്‍റസിനായി ആദ്യ ഗോൾ നേടിയത് റൊണാള്‍ഡോ ആയിരുന്നു.
അതേസമയം സീരി എയിലെ അവസാന മത്സരത്തില്‍ പുറത്തിരിക്കേണ്ടി വരുന്നതോടെ റോണാള്‍ഡോക്ക് യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ് നഷ്‌ടമാകുക. നിലവില്‍ ലാസിയോയുടെ മുന്നേറ്റ താരം സിറോ ഇമ്മൊബിലെയ്‌ക്കാണ് ഗോള്‍ഡന്‍ ബൂട്ട്. സീസണില്‍ 36 മത്സരങ്ങളില്‍ നിന്നും 35 ഗോളുകളാണ് ഇമ്മൊബിലെയുടെ പേരിലുള്ളത്.