സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടില്‍ തന്നെ പുറത്തായതോടെ കേരള ഫുട്‌ബോളില്‍ പൊട്ടിത്തെറി.കേരള ഫുട്ബോള്‍ അസോസിയേഷന്‍ നേതൃത്വത്തിനെതിരെ തിരുവനന്തപുരം ജില്ലാ അസോസിയേഷനാണ് ആരോപണവുമായി രംഗത്തെത്തിയത്.
ടൂർണമെന്‍റിലെ കേരളത്തിന്‍റെ ദയനീയ പ്രകടനത്തിന് ഉത്തരവാദി കേരളാ ഫുട്ബോള്‍ അസോസിയേഷനാണെന്നും, ടീമില്‍ നല്ല കളിക്കാരെ ഉള്‍പ്പെടുത്താതെ ശുപാര്‍ശ ചെയ്യപ്പെട്ട കളിക്കാരെ ഉള്‍പ്പെടുത്തിയതാണ് തോല്‍വിക്കു കാരണമായതെന്നുമാണ് തിരുവനന്തപുരം ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് വി. ശിവന്‍കുട്ടിയുടെ ആരോപണം.
കഴിഞ്ഞ വര്‍ഷം കിരീടം നേടിയ ടീമിനെ നിലനിര്‍ത്തുന്നതിന് കേരള ഫുട്ബോള്‍ അസോസിയേഷന്‍ ഒന്നും ചെയ്തില്ല. ടീം സെലക്ഷനുള്ള ടെക്‌നിക്കല്‍ കമ്മിറ്റി തീരുമാനം അട്ടിമറിക്കപ്പെട്ടു. യാതൊരു മുന്നൊരുക്കവും നടത്താന്‍ കെ.എഫ്.എ മുന്‍ കൈയ്യെടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു. എസ്.ബി.ഐ താരങ്ങളെ കൂടുതലായി ടീമില്‍ ഉള്‍പ്പെടുത്താന്‍ പരിശീലകൻ ശ്രമിച്ചതായി മുന്‍ താരങ്ങളും നേരത്തെ ആരോപിച്ചിരുന്നു.
നെയ്‌വേലിയില്‍ നടന്ന ടൂര്‍ണമെന്‍റിലെ യോഗ്യതാ റൗണ്ടിൽ ഒരു ഗോളുപോലും കണ്ടെത്താനാവാതെ രണ്ട് പോയിന്‍റ് മാത്രമായാണ് കേരളം മടങ്ങിയത്. പോണ്ടിച്ചരി, തെലങ്കാന ടീമുകളോട് ഗോള്‍ രഹിത സമനില നേടിയപ്പോള്‍ അവസാന മത്സരത്തില്‍ 1-0 ന് സര്‍വ്വീസസിനോട് തോറ്റ് പുറത്താവുകയായിരുന്നു കേരളം