ടൂറിന്‍: ക്ലബുകള്‍ക്കും രാജ്യത്തിനും വേണ്ടി സ്വന്തമാക്കിയ ഗോളുകളുടെ എണ്ണത്തില്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയെ മറികടന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇറ്റാലിയന്‍ സീരി എയില്‍ ഉഡിനസിന് എതിരായ മത്സരത്തിലാണ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം കരിയറില്‍ പുതിയൊരു നാഴികക്കല്ല് കൂടി പിന്നിട്ടത്. ഉഡിനസിനെതിരെ ഇരട്ട ഗോളുകള്‍ സ്വന്തമാക്കിയ റൊണാള്‍ഡോ കരിയറില്‍ 758 ഗോളുകളാണ് സ്വന്തം പേരില്‍ കുറിച്ചത്. പെലെ കരിയറില്‍ 1956-77 കാലഘട്ടത്തില്‍ 757 ഗോളുകളാണ് സ്വന്തമാക്കിയത്. ബ്രസീലിനും സാന്‍റോസിനും അമേരിക്കന്‍ ക്ലബ് ന്യൂയോര്‍ക്ക് കോസ്മോസിനും വേണ്ടിയാണ് പെലെ ബൂട്ടണിഞ്ഞത്.
ഓസ്‌ട്രിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ജോസഫ് ബിക്കനാണ് പട്ടികയില്‍ ഒന്നാമത്. അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ ഓസ്‌ട്രിയയെയും ചെക്കോ സ്ലോവാക്കിയെയും പ്രതിനിധീകരിച്ച ബിക്കന്‍ ഒന്നിലധികം ക്ലബുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. 530 മത്സരങ്ങളില്‍ നിന്നായി 805 ഗോളുകളാണ് ബിക്കന്‍റെ പേരിലുള്ളത്. 1932 -55 കാലഘട്ടത്തിലാണ് ബിക്കന്‍ അന്താരാഷ്‌ട്ര ക്ലബ് ഫുട്‌ബോളില്‍ തിളങ്ങിയത്. സ്ലാവിയ പരാഗ്വെ, റാപ്പിഡ് വിയന്ന എന്നീ ക്ലബുകള്‍ക്കായി ബിക്കന്‍ കളിച്ചു.
സീരി എയില്‍ എസിമിലാന് എതിരെ വ്യാഴാഴ്‌ച നടക്കുന്ന അടുത്ത മത്സരത്തില്‍ റൊണാള്‍ഡോ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റൊണാള്‍ഡോ കരിയറില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കിയത് റയല്‍ മാഡ്രിഡിന് വേണ്ടിയാണ്. റയലിന് വേണ്ടി 438 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ റൊണാള്‍ഡോ 450 ഗോളുകളാണ് സ്വന്തമാക്കിയത്. പോര്‍ച്ചുഗലിന് വേണ്ടി 120 മത്സരങ്ങളില്‍ നിന്നായി 102 ഗോളുകളും റോണോ സ്വന്തം പേരില്‍ കുറിച്ചു. 18 വര്‍ഷം നീണ്ട കരിയറില്‍ ഒരു വര്‍ഷം ശരാശരി 42 ഗോളുകളാണ് റോണോ അടിച്ച് കൂട്ടിയത്.
പൊര്‍ച്ചുഗലിലെ കുഞ്ഞന്‍ ക്ലബായ സ്‌പോര്‍ട്ടിങ്ങിന് വേണ്ടി പന്ത് തട്ടി തുടങ്ങിയ റൊണാള്‍ഡോ പിന്നീട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് ചേക്കേറിയതോടെയാണ് തലവര തെളിഞ്ഞത്. യുണൈറ്റഡ് പരിശീലകന്‍ ലോക്കി ഫെര്‍ഗൂസണൊപ്പം വളര്‍ന്ന റൊണാള്‍ഡോ ഓള്‍ഡ് ട്രാഫോഡില്‍ ഏഴാം നമ്പറില്‍ അതികായനായി വളര്‍ന്നു. 84 മത്സരങ്ങളില്‍ നിന്നും 196 ഗോളുകളാണ് റൊണോ ചെകുത്താന്‍മാര്‍ക്കായി അടിച്ച് കൂട്ടിയത്. നിലവില്‍ യുവന്‍റസിന് വേണ്ടി കളിക്കുന്ന റോണോ 100 ഗോളുകളെന്ന നേട്ടത്തോട് അടുത്ത് കൊണ്ടിരിക്കുകയാണ്. സീസണ്‍ അവസാനിക്കുമ്പോഴേക്കും റോണോ ഈ നേട്ടം സ്വന്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2020 അവസാനം സമകാലിക ഫുട്ബോളിലെ മറ്റൊരു സൂപ്പര്‍ താരം ലയണല്‍ മെസിയും ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ റെക്കോഡ് മറികടന്നിരുന്നു. ഒരു ക്ലബിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോഡാണ് മെസി മറികടന്നത്. സാന്‍റോസിന് വേണ്ടി പെലെ സ്വന്തമാക്കിയ 643 ഗോളുകളെന്ന റെക്കോഡാണ് ലാലഗിയലില്‍ വല്ലാഡോളിഡിനെതിരായ മത്സരത്തില്‍ മെസി മറികടന്നത്.
ഇറ്റാലിയന്‍ സീരി എയില്‍ ഉഡിനസിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു യുവന്‍റസിന്‍റെ ജയം. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ട ഗോള്‍ സ്വന്തമാക്കിയ മത്സരത്തില്‍ ഫെഡറിക്കോ ചിയെസ 49ാം മിനിട്ടിലും പൗലോ ഡിബാല അധികസമയത്തും വല കുലുക്കി. ആദ്യ പകുതിയിലെ 30ാം മിനിട്ടിലും രണ്ടാം പകുതിയിലെ 70ാം മിനിട്ടിലുമായിരുന്നു റൊണാള്‍ഡോയുടെ ഗോളുകള്‍. ഉഡിനസിനായി നിശ്ചിത സമയത്ത് കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ മാര്‍വിന്‍ സീഗെലാര്‍ ആശ്വാസ ഗോള്‍ സ്വന്തമാക്കി.
ഉഡിനസിനെതിരായ ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടകയില്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്ന യുവന്‍റസിന് 27 പോയിന്‍റാണുള്ളത്. 14 മത്സരങ്ങളില്‍ നിന്നും ഏഴ് ജയവും ആറ് സമനിലയുമാണ് ഇറ്റാലിയന്‍ കരുത്തരുടെ പേരിലുള്ളത്. ലീഗിലെ അടുത്ത മത്സരത്തില്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള എസി മിലാനാണ് യുവന്‍റസിന്‍റെ എതിരാളികള്‍. 15 മത്സരങ്ങളില്‍ നിന്നും 37 പോയിന്‍റുള്ള എസി മിലാനെ പരാജയപ്പെടുത്തിയാല്‍ യുവന്‍റസിന് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരാന്‍ സാധിക്കും. ഈ മാസം ഏഴിന് എസി മിലാന്‍റെ ഹോം ഗ്രൗണ്ടായ സാന്‍സിറോയില്‍ പുലര്‍ച്ചെ 1.15ന് പോരാട്ടം ആരംഭിക്കും.