മുംബൈ: ക്രിസ്റ്റ്യാനോ റോണോള്‍ഡോ കളിക്കളത്തില്‍ പുലര്‍ത്തുന്ന ബ്രില്ല്യന്‍സും ഉര്‍ജ്ജസ്വലതയുമാണ് താരത്തെ യൂറോ കപ്പിലെ മികച്ച കളിക്കാരനാക്കുന്നതെന്ന് മാഞ്ചസ്റ്റര്‍ സിറ്റി മുന്‍ താരം ടെറി ഫെലൻ. ഇടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ടെറി ഇക്കാര്യം പറഞ്ഞത്. യൂറോ കപ്പില്‍ ഇറ്റലിയാണ് തന്നെ കൂടുതല്‍ ആകര്‍ഷിച്ച ടീമെന്നും ടെറി പറഞ്ഞു.
'ഇറ്റലിക്കാര്‍ വളരെ മികച്ച രീതിയിലാണ് കളിക്കുന്നത്. കഴിഞ്ഞ കുറച്ച് മത്സരങ്ങളില്‍ അവര്‍ തോല്‍വി അറിഞ്ഞിട്ടില്ല. മികച്ച ഫുട്ബോളാണ് ഇറ്റലി കളിക്കുന്നത്. അവര്‍ മികച്ചതും നല്ല യോജിപ്പുമുള്ള സംഘമാണ്. എന്നെ സംബന്ധിച്ചിടത്തോളം ടൂര്‍ണമെന്‍റില്‍ അവരാണ് മികച്ച സംഘം. റോബെർട്ടോ മാൻസിനി അവരെ നന്നായി കൂട്ടിയിണക്കിയിട്ടുണ്ട്'. ടെറി പറഞ്ഞു.
also read:'പരിക്ക് വലയ്ക്കുന്നു' ; മുഴുവന്‍ സമയം കളിക്കാന്‍ സജ്ജനല്ലെന്ന് ഈഡൻ ഹസാർഡ്
അതേസമയം ടൂര്‍ണമെന്‍റിലെ ഫേവറിറ്റിനെ തെരഞ്ഞെടുക്കുകയെന്നത് പ്രയാസമുള്ള കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ടൂര്‍ണമെന്‍റില്‍ ചില ചെറിയ രാജ്യങ്ങള്‍ മികച്ച പ്രകടനം നടത്തുന്നുണ്ട്. ഫിൻലൻഡും ഓസ്ട്രിയയും മികച്ച പ്രകടനം കാഴ്ചവച്ചു. ഓസ്ട്രിയ മാസിഡോണിയയ്‌ക്കെതിരെ നല്ല രീതിയില്‍ കളിച്ചു.
വെയിൽസ് ആവേശകരമായ പ്രകടനമാണ് പുറത്തെടുക്കുന്നത്. തുര്‍ക്കിയില്‍ നിന്നും മികച്ച പ്രകടനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. യുക്രൈനും നല്ല രീതിയില്‍ കളിക്കുന്നുണ്ട്. മറ്റു ടീമുകളെല്ലാം തന്നെ നല്ല പ്രകടനം നടത്താന്‍ പരിശ്രമിക്കുന്നുണ്ട്. ജര്‍മ്മനി കൂടുതല്‍ മുന്നോട്ട് വരാന്‍ സാധ്യതയുണ്ടെന്നും ടെറി പറഞ്ഞു.