ലണ്ടന്‍: ഇന്ത്യന്‍ പര്യടനത്തിന് മുന്നോടിയായി ഇംഗ്ലീഷ് ബാറ്റ്സ്‌മാന്‍ ജോണി ബ്രിസ്റ്റോക്ക് വിശ്രമം അനുവദിക്കാനുള്ള തീരമാനത്തെ ചോദ്യം ചെയ്‌ത് മുന്‍ നായകന്‍ നാസിര്‍ ഹുസൈന്‍. സ്‌പിന്നര്‍മാരെ ഫലപ്രദമായി നേരിടുന്ന ബ്രിസ്റ്റോക്ക് വിശ്രമം അനുവദിക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് ഹുസൈന്‍ പറഞ്ഞു. ഇന്ത്യക്കെതിരായ പരമ്പര നിര്‍ണായകമാണ്. നായകന്‍ ജോ റൂട്ട്, ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ക്കൊപ്പം ബ്രിസ്റ്റോയുടെ സാന്നിധ്യവും ടീമിന് ആവശ്യമാണ്. സ്‌പിന്നേഴ്‌സിന് അനുകൂലമായ ഇന്ത്യന്‍ പിച്ചുകളില്‍ നന്നായി കളിക്കാന്‍ സാധിക്കുന്ന ഇംഗ്ലീഷ് ബാറ്റ്സ്‌മാന്‍മാരില്‍ ഒരാളാണ് ബ്രിസ്റ്റോയെന്നും ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ പര്യടനത്തിന്‍റെ ഭാഗമായുള്ള ആദ്യ രണ്ട് മത്സരങ്ങളിലാണ് നിലവില്‍ ഇംഗ്ലീഷ് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് ബ്രിസ്റ്റോക്ക് വിശ്രമം അനുവദിച്ചിരിക്കുന്നത്. പ്ലെയര്‍ മാനേജ്‌മെന്‍റ് നയത്തിന്‍റെ ഭാഗമായാണ് ബോര്‍ഡ് തീരുമാനം. ഈ വര്‍ഷം തിരക്കുപിടിച്ച ക്രിക്കറ്റ് കലണ്ടര്‍ വരാനിരിക്കെയാണ് ക്രിക്കറ്റ് താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കാന്‍ ബോര്‍ഡ് നീക്കം.
ഫെബ്രുവരി അഞ്ചിന് ചെന്നൈയില്‍ നടക്കുന്ന ടെസ്റ്റ് മത്സരത്തോടെയാണ് ഇംഗ്ലണ്ടിന്‍റെ ഇന്ത്യന്‍ പര്യടനം ആരംഭിക്കുന്നത്. നാല് ടെസ്റ്റുകളും അഞ്ച് ടി20യും മൂന്ന് ഏകദിനവും പര്യടനത്തിന്‍റെ ഭാഗമായി നടക്കും.