പാരിസ് : പിഎസ്‌ജിയുടെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയ്ക്കായി സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് 160 മില്യണ്‍ യൂറോ(1400 കോടി രൂപ) വാഗ്‌ദാനം ചെയ്‌തതായി റിപ്പോര്‍ട്ട്. വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
എന്നാല്‍ റയലിന്‍റെ വാഗ്‌ദാനം ഫ്രഞ്ച് ക്ലബ് നിരസിച്ചതായും തുക 200 മില്യണ്‍ യൂറോയിലേക്ക് ഉയര്‍ത്തിയാല്‍ വഴങ്ങിയേക്കുമെന്നും പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത വര്‍ഷം ജൂണ്‍ വരെയാണ് എംബാപ്പെയ്ക്ക് പിഎസ്‌ജിയുമായി കരാറുള്ളത്.
റയലിക്ക് ചേക്കേറാന്‍ നേരത്തേതന്നെ താത്പര്യം പ്രകടിപ്പിച്ച എംബാപ്പെ പിഎസ്‌ജിയുമായുള്ള കരാര്‍ പുതുക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. അതിനാല്‍ തന്നെ ട്രാന്‍സ്‌ഫര്‍ വിന്‍ഡോ അടയ്‌ക്കുന്ന ഓഗസ്റ്റ് 31ന് മുമ്പ് തന്നെ 22കാരനായ താരത്തെ കൂടാരത്തിലെത്തിക്കാനാണ് സ്‌പാനിഷ് വമ്പന്‍മാരുടെ ശ്രമം.
എന്നാല്‍ എംബാപ്പെയെ ടീമിലെത്തിക്കാനുള്ള ചര്‍ച്ചകള്‍ സങ്കീര്‍ണമാണെന്നാണ് റയലിനോട് അടുത്ത വൃത്തങ്ങള്‍ പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമത്തോട് പ്രതികരിച്ചത്. കഴിഞ്ഞ സീസണില്‍ വിവിധ ടൂര്‍ണമെന്റുകളിലായി പിഎസ്‌ജിയ്ക്കായി 42 ഗോളുകള്‍ എംബാപ്പെ നേടിയിട്ടുണ്ട്.