സാന്‍ മറീനോ: ഖത്തര്‍ ലോകകപ്പിന് നേരിട്ട് യോഗ്യത ഉറപ്പിച്ച് ഇംഗ്ലണ്ട്. യൂറോപ്യൻ ക്വാളിഫയറില്‍ ഗ്രൂപ്പ് ഐയില്‍ നടന്ന മത്സരത്തില്‍ ദുര്‍ബലരായ സാന്‍ മറീനോയെ തകര്‍ത്താണ് ഹാരി കെയ്‌നും സംഘവും ഖത്തറിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്. എതിരില്ലാത്ത 10 ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് സാന്‍ മറീനോയെ തോല്‍പ്പിച്ചത്.
രണ്ട് പെനാല്‍റ്റിയടക്കം ഹാരി കെയ്ന്‍ നാലു ഗോളുകള്‍ നേടിയ മത്സരത്തില്‍ ഹാരി മഗ്വയര്‍ (6), എമില്‍ സ്മിത്ത് (58), ടൈറോണ്‍ മിങ്‌സ് (69), ടാമി അബ്രഹാം (78), ബുകായോ സാക്ക (79) എന്നിവരും ലക്ഷ്യം കണ്ടു. 27 (P), 31, 39 (P), 42 മിനിട്ടുകളിലാണ് കെയ്‌ന്‍ ലക്ഷ്യം കണ്ടത്.
15ാം മിനിട്ടില്‍ സാന്‍ മറിനോ താരം ഫിലിപ്പോ ഫാബ്രിയുടെ സെല്‍ഫ് ഗോളും ഇംഗ്ലണ്ട് പട്ടികയിലുണ്ട്. 68ാം മിനിട്ടില്‍ ഡാന്‍റെ റോസ്സി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയതോടെ 10 പേരുമായാണ് സാന്‍ മറീനോ മത്സരം പൂര്‍ത്തിയാക്കിയത്. 1964ല്‍ അമേരിക്കയെ 10-0ന് തോല്‍പ്പിച്ച ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ഗോള്‍ നേട്ടത്തില്‍ രണ്ടക്കം തൊടുന്നത്.
also read: Qatar world cup: ലോകകപ്പിന് ടിക്കറ്റെടുക്കാൻ ഇറ്റലിക്കും പോർച്ചുഗലിലും ഇനി പ്ലേഓഫ് കളിക്കണം
10 മത്സരങ്ങളില്‍ നിന്നും എട്ട് വിജയവും രണ്ട് സമനിലയുമുള്ള ഇംഗ്ലണ്ട് 26 പോയിന്‍റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ലോകകപ്പിന് നേരിട്ട് പ്രവേശനം നേടിയത്. രണ്ടാം സ്ഥാനത്തുള്ള പോളണ്ടിന് 20 പോയിന്‍റാണുള്ളത്. എന്നാല്‍ കളിച്ച 10 മത്സരങ്ങളിലും തോറ്റ സാന്‍ മറീനോ ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ്.