പാരീസ്: മൗറോ ഇകാർദി ഇനി ഫ്രഞ്ച് ഫുട്‌ബോൾ ക്ലബ് പിഎസ്‌ജിക്ക് സ്വന്തം. കഴിഞ്ഞ വർഷം വായ്‌പാടിസ്ഥാനത്തില്‍ ഇന്‍റർമിലാനില്‍ നിന്നും ക്ലബിലെത്തിയ അർജന്‍റീനന്‍ താരം ഇകാർദിയെ സ്വന്തമാക്കാന്‍ പിഎസ്‌ജി തീരുമാനിക്കുകയായിരുന്നു. 2024-വരെയാണ് കരാർ. 57 മില്യണ്‍ യൂറോക്കാണ് താരത്തെ ക്ലബ് സ്വന്തമാക്കിയതെന്നാണ് സൂചന. കൊവിഡ് 19 കാരണം ഫ്രഞ്ച് ലീഗിലെ ഈ സീസണില്‍ മത്സരങ്ങൾ നിർത്തിവെക്കുന്നതിന് മുമ്പ് ഇകാർദി 31 കളികളില്‍ നിന്നും 20 ഗോളുകൾ സ്വന്തമാക്കിയിരുന്നു.
പിഎസ്ജിയിലേക്ക് വരുന്നതിന് മുമ്പ് ഇകാർദി തുടർച്ചയായി ആറ് വർഷം ഇറ്റാലിയന്‍ സീരി എയിലെ വമ്പന്‍മാരായ ഇന്‍റർമിലാന് വേണ്ടി കളിച്ചു. യുറുഗ്വായ് മുന്നേറ്റ താരം എഡിന്‍സണ്‍ കവാനിയുമായി പിഎസ്‌ജിയുടെ കരാർ 30-ന് അവസാനിക്കും. ഈ സ്ഥാനത്തേക്കാണ് ഇകാർദി പരിഗണിക്കപെടുന്നതെന്നാണ് സൂചന.