ബ്രസീലിയ: തീവ്ര പരിചരണ വിഭാഗത്തിൽ തുടരുന്ന ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെയുടെ ആരോഗ്യ നില തൃപ്‌തികരം. ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്‌ചയാണ് പെലെയെ ഐസിയുവിലേക്ക് മാറ്റിയത്.
ഈ മാസം ആദ്യം പെലെ സാവോ പോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിൽ വൻകുടൽ ട്യൂമറിന്‍റെ ശസ്‌ത്രക്രിയക്ക് വിധേയനായിരുന്നു. ശസ്‌ത്രക്രിയക്ക് ശേഷം ചൊവ്വാഴ്‌ച ഐസിയുവിൽ നിന്ന് മാറ്റിയെങ്കിലും ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം വീണ്ടും ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ ഹൃദയത്തിന്‍റെ പ്രവർത്തനവും ശ്വസനവും സാധാരണ നിലയിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ട്യൂമർ കണ്ടെത്തിയതിന് ശേഷം ഓഗസ്റ്റ് 31 മുതൽ പെലെ ചികിത്സയിലാണ്.
എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായി ലോകം വാഴ്ത്തുന്ന പെലെയുടെ ആരോഗ്യ നിലയിൽ അടുത്ത കാലത്തായി പലവിധ പ്രശ്നങ്ങളും നേരിട്ടിരുന്നു. ലോകചരിത്രത്തിൽ തന്നെ മൂന്ന് ലോകകപ്പുകൾ നേടിയ ഏക കളിക്കാരനാണ് പെലെ. 1958, 1962, 1970 എന്നീ വർഷങ്ങളിലാണ് പെലെ ലോകകപ്പ് സ്വന്തമാക്കിയത്.
Also Read: "കൈവിട്ടവർ" അരിവാളും ചുറ്റികയും പിടിച്ച് കേഡറാകുമ്പോൾ