ഫത്തോർഡ: ഗോവയിലെ ഫത്തോർഡ സ്റ്റേഡിയത്തില്‍ വീണ്ടും തോല്‍വിയറിഞ്ഞ ബെംഗളൂരു എഫ്‌സിക്ക് ഈ സീസണിലെ തുടർച്ചയായ മൂന്നാം തോല്‍വി. ഐഎസ്‌എല്‍ ചരിത്രത്തില്‍ ആദ്യമായി മൂന്ന് തുടർ തോല്‍വികൾ ബെംഗളൂരു ഏറ്റുവാങ്ങിയപ്പോൾ മുംബൈ സിറ്റി എഫ്‌സി ജയത്തോടെ വീണ്ടും ഒന്നാം സ്ഥാനത്തെത്തി. ഒന്നിന് എതിരെ മൂന്ന് ഗോളുകൾക്കായിരുന്നു മുംബൈയുടെ ജയം.
ഒൻപതാം മിനിട്ടില്‍ മുർത്താത ഫാൾ, 15-ാം മിനിട്ടില്‍ ബിപിൻ സിങ്, 84-ാംമിനിട്ടില്‍ ബർതലോമ്യു ഒഗ്‌ബെച്ചെ എന്നിവരാണ് മുംബൈയ്ക്കായി ഗോളുകൾ നേടിയത്. 77-ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെയാണ് ബെംഗളൂരു ആശ്വാസ ഗോൾ നേടിയത്. കിക്കെടുത്ത സുനില്‍ ഛേത്രിക്ക് പിഴച്ചില്ല. 86-ാം മിനിട്ടില്‍ രണ്ടാം മഞ്ഞക്കാർഡ് കണ്ട അഹമ്മദ് ജാഹു പുറത്തുപോയത് മുംബൈക്ക് അടുത്ത മത്സരത്തില്‍ തിരിച്ചടിയാകും.
പത്തുപേരായി ചുരുങ്ങിയ മുംബൈയ്ക്ക് എതിരെ ബെംഗളൂരു ഗോൾ മടക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മത്സരത്തിന്‍റെ ആദ്യ മിനിട്ടു മുതല്‍ തന്നെ മികച്ച മുന്നേറ്റമാണ് മുംബൈ ടീം നടത്തിയത്. ആദ്യ പകുതി മുഴുവൻ മുംബൈ ടീമിന്‍റെ നിയന്ത്രണത്തിലായിരുന്നു. ഹെർനൻ സന്‍റാന, മന്ദർ റാവു ദേശായി, ആദം ലെ ഫോൺഡ്രെ എന്നിവർ നിരന്തരം ബെംഗളൂരു ഗോൾ മുഖത്ത് ആക്രമണം നടത്തി.