ലണ്ടന്‍: ടോട്ടന്‍ഹാമിന്‍റെ പരിശീലക വേഷം അഴിച്ചുവെച്ച പോര്‍ച്ചുഗീസ് പരിശീലകന്‍ ഹോസെ മൗറിന്യോ ഇനി ഫുട്‌ബോള്‍ ആരാധകരെ കളി പഠിപ്പിക്കും. ബ്രിട്ടനിലെ ടാക് സ്‌പോര്‍ട്‌സെന്ന റേഡിയോ സ്റ്റേഷന്‍റെ ഭാഗമായി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ് മൗറിന്യോ. യൂറോ 2020മായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് മൗറിന്യോ ടാക് സ്‌പോര്‍ട്‌സിനൊപ്പമുണ്ടാകും.

സൂപ്പര്‍ ലീഗിനൊപ്പം പുകയാന്‍ തുടങ്ങിയ യൂറോപ്യന്‍ ഫുട്‌ബോളില്‍ ഏറെ ചര്‍ച്ചയായതാണ് മൗറിന്യോ ടോട്ടന്‍ഹാമിന്‍റെ പാളയം വിട്ടത്. സൂപ്പര്‍ ലീഗ് പ്രഖ്യാപിച്ച ദിവസം രാവിലെയാണ് മൗറിന്യോ ടോട്ടന്‍ഹാമിന്‍റെ പരിശീലകവേഷം അഴിച്ചുവെച്ചത്. ഇതിന് പിന്നാലെ മൗറിന്യോയുടെ ഭാവിയും ചര്‍ച്ചയായി. ഏത് ടീമിന്‍റെ പരിശീലകനാകും മൗറിന്യോ എന്നാതായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം. ഈ ചര്‍ച്ചകള്‍ക്കാണിപ്പോള്‍ താല്‍ക്കാലികമായി വിരാമമായിരിക്കുന്നത്. തല്‍ക്കാലത്തേക്ക് കളി പഠിപ്പിക്കാന്‍ എവിടേക്കുമില്ലെന്ന് പറയാതെ പറഞ്ഞിരിക്കുകയാണ് മൗറിന്യോ.

ഇത് ആദ്യമായല്ല മൗറിന്യോ ഫുട്‌ബോള്‍ മാധ്യമത്തിന്‍റെ ഭാഗമാകുന്നത്. നേരത്തെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ പരിശീലക സ്ഥാനം ഒഴിഞ്ഞപ്പോഴും മൗറിന്യോ സമാന രീതി പിന്തുടര്‍ന്നിരുന്നു. അന്ന് ടെലിവിഷനില്‍ ഫുട്‌ബോള്‍ കമന്‍റേറ്ററായും അവതാരകനായുമാണ് മൗറിന്യോ ആരാധകര്‍ക്കിടയിലേക്ക് എത്തിയത്.

2000ത്തില്‍ ബെന്‍ഫിക്കയുടെ പരിശീലകനായി തുടങ്ങിയ മൗറിന്യോ പ്രീമിയര്‍ ലീഗിലെ കരുത്തരായ ചെല്‍സിയെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെയും ടോട്ടന്‍ഹാമിനെയും കളി പഠിപ്പിച്ചു. ഇറ്റാലിയന്‍ ക്ലബ് ഇന്‍റര്‍ മിലാനും സ്‌പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡും മൗറിന്യോക്ക് കീഴില്‍ കളം നിറഞ്ഞു.

അതേസമയം യൂറോപ്യന്‍ സൂപ്പര്‍ ലീഗുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. റയല്‍ മാഡ്രിഡ് പ്രസിഡന്‍റ് ഫ്ലോറന്‍റിനോ പെരസിന്‍റെ നേതൃത്വത്തില്‍ ടോട്ടന്‍ഹാം ഉള്‍പ്പെടെ യൂറോപ്പിലെ 12 പ്രമുഖ ക്ലബുകളാണ് തുടക്കത്തില്‍ ലീഗിന്‍റെ ഭാഗമായത്. എന്നാല്‍ ആരാധകരുടെ പ്രതിഷേധം കാരണം പിന്നീട് ഈ നീക്കത്തില്‍ നിന്നും ക്ലബുകള്‍ ഓരോന്നായി പിന്‍മാറി. നിലവില്‍ സ്‌പാനിഷ് ക്ലബുകളായ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും മാത്രമാണ് യൂറോപ്യന്‍ സൂപ്പര്‍ ലീഗെന്ന ആശയവുമായി മുന്നോട്ട് പോകുന്നത്.