പതിനൊന്നാം വയസില്‍ ഹോർമോൺ തകരാർ..... മകന്‍റെ ചികിത്സയ്ക്കായി സ്പെയിനിലേക്ക് കുടിയേറുമ്പോൾ ജോർജ് മെസി ഒരിക്കലും ചിന്തിച്ചിട്ടുണ്ടാകില്ല, അവൻ ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോൾ താരമാകുമെന്ന്. കാറ്റലോണിയൻ ഫുട്‌ബോൾ അവനെ സ്വീകരിച്ചു, ചികിത്സിച്ചു, ബാഴ്‌സലോണ അവന് എല്ലാമെല്ലാമായി, അച്ഛൻ ജോർജ് മെസിക്കൊപ്പം കുഞ്ഞുമെസി കാല്‍പ്പന്തിന്‍റെ മായിക ലോകത്ത് പന്തുതട്ടിത്തുടങ്ങി.
ബാഴ്‌സയുടെ യൂത്ത് ടീമുകളില്‍ മികവ് തെളിയിച്ച ലയണല്‍ മെസി 2003ല്‍ 16-ാം വയസില്‍ ആദ്യ ഔദ്യോഗിക മത്സരം കളിച്ചു. ഒരു വർഷം കൂടി കഴിഞ്ഞപ്പോൾ ബാഴ്‌സലോണയ്ക്ക് വേണ്ടി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ കളിക്കാരനായി മെസി ലാലിഗയില്‍ പന്തുതട്ടി. പിന്നീടുണ്ടായത് ഫുട്‌ബോളിന്‍റെ മിശിഹയായി മെസി വളരുന്ന അതി മനോഹരമായ കാഴ്‌ചയായിരുന്നു. 17-ാം വയസില്‍ ബാഴ്‌സയ്ക്ക് വേണ്ടി ഗോൾ നേടിത്തുടങ്ങിയ മെസി ഇതുവരെ 634 ഗോളുകളാണ് ബാഴ്‌സയ്ക്ക് വേണ്ടി അടിച്ചുകൂട്ടിയത്. അതൊരു റെക്കോഡാണ്.
ഓരോ മത്സരത്തിലും എതിരാളികളുടെ ഗോൾ വല നിറയുമ്പോൾ മെസി ബാഴ്‌സയോട് ചേരുകയായിരുന്നു. ക്ലബിനും ആരാധകർക്കും മെസി എല്ലാമെല്ലാമായി. മെസി വിജയം കൊണ്ടുവരുമ്പോൾ കാറ്റലോണിയ അവരുടെ ഹൃദയം നിറയുന്ന സ്നേഹം മെസിക്ക് നല്‍കി. ആ ബന്ധത്തിന് ഇപ്പോൾ രണ്ട് ദശാബ്‌ദത്തോളം പഴക്കമുണ്ട്. 33 വയസാണ് മെസിക്കിപ്പോൾ. ഭാര്യ ആന്‍റൊനെലയും മക്കളായ തിയാഗോയും സിറോയും ബാഴ്‌സലോണയിലുണ്ട്. ഒരു കുടുംബം പോലെയായിരുന്ന ബാഴ്‌സ ടീം ഇപ്പോൾ അങ്ങനെയല്ല, താരങ്ങൾ തമ്മിലുള്ള പഴയ സൗഹൃദം നഷ്ടമായി. വിജയം ശീലമാക്കിയ ഒരു ടീം എന്ന നിലയില്‍ നിന്ന് പരാജയപ്പെടുമ്പോൾ കലഹിക്കുന്ന ടീമായി ബാഴ്‌സ മാറി. സ്പാനിഷ് ദേശീയതയും കാറ്റലോണിയൻ വികാരവും ഒരേ മനസോടെ കളിച്ചിരുന്ന ബാഴ്‌സ ഇപ്പോഴില്ല. വയസൻമാരുടെ ടീമെന്ന ആക്ഷേപം. ലാലിഗയിലും ചാമ്പ്യൻസ് ലീഗിലും കിരീടമില്ലാത്ത സീസൺ. തോല്‍വികളുടെ കനം കൂടുന്നു. പരിശീലകർക്ക് പോലും സ്ഥിരതയില്ലാത്ത അന്തരീക്ഷം.
അതെ..... മെസി സ്വന്തം ഹൃദയത്തോട് ചേർത്തുവെച്ചിരുന്ന ബാഴ്‌സയോട് വിടപറയാൻ തീരുമാനിച്ചു. നൗകാമ്പിലെ മൈതാനത്ത് മനസ് നഷ്ടമായ മെസി ബാഴ്‌സ വിടുമെന്ന വാർത്തകൾ ഫുട്‌ബോൾ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിതുറന്നു. ചാമ്പ്യൻസ് ലീഗിലെ വമ്പൻ തോല്‍വിക്ക് ശേഷം പുതിയ പരിശീലകനായി എത്തിയ റൊണാൾഡ് കോമാൻ മെസിയുടെ അപ്രമാദിത്തം അവസാനിച്ചു എന്ന് കൂടി പറഞ്ഞതോടെ മാഞ്ചസ്റ്റർ സിറ്റിയിലേക്കുള്ള മെസിയുടെ കൂടുമാറ്റം ഉറപ്പായി. പക്ഷേ അങ്ങനെ പെട്ടെന്ന് വിട്ടുപോകാവുന്ന ബന്ധമല്ല, മെസിയും ബാഴ്‌സയും തമ്മിലുള്ളത്. ഏത് പുതിയ പരിശീലകൻ വന്നാലും എത്രയെല്ലാം പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെട്ടാലും മെസിക്ക് ബാഴ്‌സയുടെ ആരാധകർ നല്‍കുന്ന പിന്തുണ ചെറുതല്ല. അവർക്ക് മുന്നിലാണ് ബാഴ്‌സ പ്രസിഡന്‍റ് ബെർതോമ്യു പോലും പരാജയപ്പെടുന്നത്.
മെസിയുടെ മനസൊന്ന് പതറിയപ്പോൾ അച്ഛൻ ജോർജ് മെസി അർജന്‍റീനയില്‍ നിന്ന് ബാഴ്‌സയില്‍ പറന്നിറങ്ങി. 90 മിനിട്ടോളമാണ് മകന് വേണ്ടി അദ്ദേഹം ബാഴ്‌സ പ്രസിഡന്‍റ് ബെർതോമ്യുവുമായി ചർച്ച നടത്തിയത്. പക്ഷേ ബാഴ്‌സ കരാറില്‍ ഉറച്ചു നിന്നു. 700 മില്യൺ യൂറോ എന്ന വലിയ തുകയ്ക്ക് മുന്നില്‍ കോടതിയും കേസും പിന്നാലെയുണ്ടെന്ന് ജോർജ് മെസി മകൻ മെസിയെ ബോധ്യപ്പെടുത്തി. കളിച്ചു വളർന്ന ക്ലബിനൊപ്പം കോടതിയില്‍ പോകാൻ മെസി തയ്യാറല്ല.
മക്കളായ തിയാഗോയും സിറോയും മാറ്റിയും ബാഴ്‌സയെ വല്ലാതെ സ്നേഹിച്ചു തുടങ്ങിയിരുന്നു. അവരുടെ കൂട്ടുകാർ, സ്കൂൾ, കാറ്റലോണിയിലെ രാജകുമാരൻമാരായി വളരുന്ന മെസിയുടെ മക്കളാണ് ആദ്യം ബാഴ്‌സ വിടാനുള്ള തീരുമാനം വേണ്ടെന്ന് പറഞ്ഞത്. താരമായല്ല, അച്ഛനായാണ് മെസി അവരുടെ ആവശ്യം കേട്ടത്.
ബാഴ്‌സലോണ വിടാനുള്ള തീരുമാനം മെസി അത്ര പെട്ടന്ന് എടുത്ത ഒന്നായിരുന്നില്ല. പക്ഷേ ആ തീരുമാനത്തിനൊപ്പം നില്‍ക്കാന്‍ അദ്ദേഹത്തിന്‍റെ കുടുംബത്തിന് പോലും സാധിച്ചില്ല. അതോടെ, ബാഴ്‌സലോണ പറഞ്ഞ, 2021 ജൂൺ വരെയുള്ള കരാർ മെസി അംഗീകരിച്ചു. ഇനിയുള്ള എട്ട് മാസം മെസി ബാഴ്‌സയിലുണ്ടാകും. കാല്‍പന്ത് മാന്ത്രികന്‍റെ സാന്നിധ്യമാണ് കഴിഞ്ഞ 20 വർഷം ബാഴ്‌സ അനുഭവിച്ചറിഞ്ഞത്. 10 ലാലിഗ കിരീടങ്ങളും നാല് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും മൂന്ന് ഫിഫ ലോകകപ്പും മൂന്ന് യൂറോപ്പ കപ്പും ബാഴ്‌സയ്ക്കൊപ്പം മെസി സ്വന്തമാക്കി. ബാഴ്‌സയ്ക്ക് വേണ്ടി 634 ഗോളുകൾ. പത്ത് ഗോളുകള്‍ കൂടി സ്വന്തം പേരില്‍ കുറിച്ചാല്‍ ക്ലബ് ഫുട്‌ബോളിന്‍റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകൾ നേടിയ ഇതിഹാസം പെലെയുടെ റെക്കോഡ് മെസിക്ക് മറികടക്കാം.
സ്പാനിഷ് ലാലിഗയിലെ പോരാട്ടങ്ങള്‍ക്ക് ഈ മാസം 12ന് തുടക്കമാകും. ബാഴ്‌സയുടെ പത്താം നമ്പർ ജേഴ്‌സിയില്‍ മെസിയെ വീണ്ടും കാണാം. മനസൊന്ന് ഇടറിയാണ് മെസി ബാഴ്‌സ വിടാൻ തീരുമാനിച്ചത്. ആ മനസ് തിരികെയെത്താൻ സമയമെടുക്കും. പുതിയ അന്തരീക്ഷമാണ് ബാഴ്‌സയില്‍, പഴയ സൗഹൃദങ്ങളില്ല, പരിശീലകന്‍റെ ഭാവമാറ്റം പോലും മെസിക്ക് താങ്ങാനാകുന്നല്ല. ഒരു പന്തിന് മേല്‍ മനസും ശരീരവും ഒന്നിക്കുമ്പോഴാണ് മൈതാനത്ത് വിസ്‌മയം വിരിയുന്നത്. മിശിഹ ഇത്രകാലം കാത്തുസൂക്ഷിച്ച, ഗോൾ വലയിലേക്ക് മഴവില്ല് പോലെ വളഞ്ഞിറങ്ങുന്ന മാന്ത്രികത, ബാഴ്‌സയ്ക്ക് വേണ്ടി ഇനിയുണ്ടാകുമോ എന്നാണ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.